ശരീരഭാരം കുറയ്ക്കാന്‍ പല വഴികള്‍ തിരയുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ തടി കുറയ്ക്കാന്‍ സഹായിക്കും. പട്ടിണി കിടന്ന് ഒരിക്കലും തടി കുറയ്ക്കാന്‍ കഴിയില്ല എന്ന കാര്യം മനസ്സിലാക്കുക.  

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്  (sweet potato). പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ് ഇവ. എന്ത് ഭക്ഷണം ആണെങ്കിലും കഴിച്ചാല്‍ ശരീരഭാരം കൂടരുത് എന്നാണ് എല്ലാവരുടെയും ആഗ്രഹം. മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കുമറിയില്ല. മധുരമുള്ളത് കൊണ്ട് ഇവ തടി കൂട്ടുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതു കൊണ്ടുതന്നെ ഇവ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. 

ഫൈബര്‍ അടങ്ങിയ ഭക്ഷണം പെട്ടെന്ന് ദഹിക്കും എന്നതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഇവ നല്ലതാണ്. ജേണല്‍ ഓഫ് മെഡിസിനല്‍ ഫുഡിലും ഇക്കാര്യം പറയുന്നുണ്ട്. വര്‍ക്ക് ഔട്ടിന് മുന്‍പും അതിന് ശേഷവും ഒരുപോലെ കഴിക്കാവുന്ന ഒരു ഭക്ഷണം ആണ് മധുരക്കിഴങ്ങ്. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. 

കാര്‍ബോഹൈട്രേറ്റ്സ് ധാരാളം അടങ്ങിയിട്ടുളളതിനാല്‍ എനര്‍ജി കിട്ടാന്‍ സഹായിക്കുന്നതാണ് ഇവ. നേരത്തെ പറഞ്ഞ പോലെ  ഫൈബര്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹനപ്രശ്നങ്ങളും ഉണ്ടാകില്ല. 

 

വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയും.  പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന്   ഇവയിലെ അയൺ സഹായിക്കും.

കരാറ്റനോയ്ഡുകള്‍ കാഴ്ചയെ സഹായിക്കും. വൈറ്റമിന്‍ എ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്.ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്.