കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കമ്പനികള്‍ വേരുറപ്പിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 'സ്വിഗ്ഗി', 'സൊമാറ്റോ', 'ഊബര്‍' എന്നീ കമ്പനികളാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ സജീവമായിരുന്നത്. ഇതില്‍ 'ഊബര്‍' നിലവില്‍ ഈ രംഗത്ത് നിന്ന് പിന്മാറിയിട്ടുണ്ട്. 'സ്വിഗ്ഗി'യും 'സൊമാറ്റോ'യും ഇപ്പോഴും വളരെ സജീവമായി തുടരുന്നുമുണ്ട്. 

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ എന്തെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്ന് ഏവരും ഉറ്റുനോക്കിയിരുന്നതുമാണ്. ഇതിനിടെയാണ് ജാര്‍ഖണ്ഡില്‍ നിന്ന് പുതിയ വാര്‍ത്തയെത്തുന്നത്. 

സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ ഭക്ഷണവിതരണത്തിനൊപ്പം തന്നെ മദ്യം വിതരണം ചെയ്യാനും 'സ്വിഗ്ഗി'യും 'സൊമാറ്റോ'യും ആരംഭിച്ചുവെന്നതാണ് വാര്‍ത്ത. 'വൈന്‍ ഷോപ്പ്‌സ്' എന്ന പുതിയ വിഭാഗം ഇവര്‍ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ കയറി മദ്യം ഓര്‍ഡര്‍ ചെയ്താല്‍ ഭക്ഷണം കൊണ്ടെത്തിച്ചിരുന്നത് പോലെ തന്നെ, വീട്ടുപടിക്കല്‍ മദ്യവുമെത്തുമത്രേ. 

പ്രായം തെളിയിക്കുന്നതിനുള്ള രേഖയും തിരിച്ചറിയല്‍ രേഖയും ചേര്‍ത്താല്‍ മാത്രമേ മദ്യം ഓര്‍ഡര്‍ ചെയ്യാനാകൂ. ഇത് കൃത്യമായും പരിശോധിച്ച ശേഷമാണ് മദ്യം വിതരണം ചെയ്യുന്നതെന്നും കമ്പനികള്‍ അറിയിക്കുന്നുണ്ട്.

'നിലവിലെ സാഹചര്യത്തില്‍ സാമൂഹികാകലം പാലിക്കുക എന്നത് അവശ്യമായ കാര്യമാണ്. അതിനാല്‍ മദ്യവും ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നത് വളരെ നല്ല തീരുമാനമായിരിക്കും. മാത്രമല്ല, സുരക്ഷിതമായതും ഉത്തരവാദിത്തപൂര്‍വ്വമുള്ളതുമായ ഉപയോഗമായിരിക്കും ഓണ്‍ലൈന്‍ മദ്യവിതരണം വന്നുകഴിഞ്ഞാല്‍ ഉണ്ടാവുക...' സൊമാറ്റോ കമ്പനി പ്രതിനിധി പറഞ്ഞതായി 'ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 

കേരളത്തില്‍ മദ്യവിതരണം ഓണ്‍ലൈനാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ജാര്‍ഖണ്ഡില്‍ നിന്ന് ഇത്തരമൊരു വാര്‍ത്തയെത്തുന്നത്. മദ്യത്തിന്റെ ഓണ്‍ലൈന്‍ വിതരണത്തിന് 'സ്വിഗ്ഗി'ക്കും 'സൊമാറ്റോ'യ്ക്കും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടി അനുമതി തേടാനുള്ള ശ്രമത്തിലാണ് കമ്പനികളെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ കാര്യമായി നടന്നുവരികയാണെന്നും 'എന്‍ഡിടിവി'യും 'ഇക്കണോമിക് ടൈംസ്'ഉം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read:- 'എന്നുവരും നീ എന്നുവരും നീ' ; ബെവ് ക്യൂ അപ്പിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് മലയാളി.!...

'സുരക്ഷിതവും ഉത്തരവാദിത്തപൂര്‍വ്വവുമായി മദ്യം ഓണ്‍ലൈനില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപരമായ ഗുണങ്ങളാണ് ഉണ്ടാക്കുക. മദ്യം വാങ്ങാനായി ആളുകള്‍ തിരക്ക് കൂട്ടുന്ന സാഹചര്യം ഇതോടെ ഒഴിവാകും. സാമൂഹികാകലം പാലിക്കണമെന്ന ആരോഗ്യപ്രവര്‍ത്തകരുടേയും സര്‍ക്കാരിന്റേയും നിര്‍ദേശം നടപ്പിലാക്കാനുമാകും...'- 'സ്വിഗ്ഗി' പ്രോഡക്ട് വിഭാഗം വൈസ് പ്രസിഡന്റ് അനൂജ് രതി വാര്‍ത്താകുറിപ്പിലൂടെ പറയുന്നു. 

കേരളത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനായി 'ബെവ് ക്യൂ' എന്ന ആപ്പ് പ്രവര്‍ത്തനം തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ടോക്കണെടുത്ത് അതനുസരിച്ച് മദ്യ വിതരണം നടത്താനാണ് തീരുമാനം. ഇതിനായി പുതിയ ആപ്പിന്റെ 'ട്രയല്‍ റണ്‍' നടത്താനിരിക്കുകയാണ്.

Also Read:- ആപ്പിന് പേരിട്ടു: നാളെയും മറ്റന്നാളും ട്രയൽ റൺ, മദ്യശാലകൾ ശനിയാഴ്ച തുറക്കും...