ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ചായ എന്നത്, ഒരു പാനീയം എന്നതിനെക്കാളേറെ വൈകാരികമായി ഏറെ അടുപ്പമുള്ളൊരു കൂട്ട് കൂടിയാണ്. അല്‍പം 'ഡൗണ്‍' ആണെന്ന് തോന്നിയാലോ, ജോലിഭാരം താങ്ങാനാകാതെ ഒന്ന് 'സ്‌ട്രെസ്ഡ്' ആയാലോ, വിരസമായ പകലിന് ശേഷം 'ബോറടി'ച്ചാലോ എല്ലാം നമ്മളില്‍ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് ഒരു കപ്പ് ചായയെ ആയിരിക്കും. 

പലപ്പോഴും ഇത്തരത്തില്‍ 'മൂഡ് ലിഫ്റ്റര്‍' അഥവാ ഒരു മാനസികാവസ്ഥയില്‍ നിന്ന് അടുത്തതിലേക്ക് കടക്കാന്‍ സഹായിക്കുന്ന ഉപാധിയായിട്ടാണ് ചായയെ നമ്മള്‍ കാണുന്നത്. അങ്ങനെയാണെങ്കില്‍ ഓരോ മൂഡിനും പ്രത്യേകം തയ്യാറാക്കിയ ചായ ഉണ്ടെങ്കിലോ!

അതെ അത്തരമൊരു പുത്തന്‍ ആശയമാണ് മദ്ധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഒടു ടീ സ്റ്റാള്‍ മുന്നോട്ടുവയ്ക്കുന്നത്. നിങ്ങള്‍ 'സിംഗിള്‍' ആയി ഏകാന്തതയില്‍ നടക്കുകയാണോ, എന്നാല്‍ നിങ്ങള്‍ക്ക് ആ മൂഡിന് യോജിക്കുന്ന ചായ തരാം. നിങ്ങള്‍ നവദമ്പതികളാണോ എന്നാല്‍ നിങ്ങളുടെ സന്തോഷത്തില്‍ പങ്ക് ചേരാനൊരു ചായ, നിങ്ങള്‍ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ എങ്കില്‍ അയാളെ നിങ്ങള്‍ക്ക് കിട്ടാന്‍ വേണ്ടി മറ്റൊരു ചായ. 

ഇങ്ങനെ പോകുന്നു 'സ്‌പെഷ്യല്‍' ചായകളുടെ പട്ടിക. ഓരോ ചായയുടെ വിലയിലും കാര്യമായ വ്യത്യാസമുണ്ട്. ട്വിറ്ററിലാണ് ഈ ടീ സ്റ്റാളിന്റെ മെനു ഫോട്ടോ ആദ്യം പ്രത്യക്ഷപ്പെട്ടത്. സംഭവം ഏറെ പുതുമകളുള്ളതിനാല്‍ തന്നെ ചുരുങ്ങിയ സമയം കൊണ്ട് വലിയ ശ്രദ്ധ നേടുകയും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയുമായിരുന്നു. 

Also Read:- ചൂടുചായ ഊതിക്കുടിക്കാം; ഒപ്പം കപ്പ് കടിച്ചുതിന്നാം....