തിരക്കിട്ട് വായില്‍ കുത്തിനിറച്ച് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും മുതിര്‍ന്നവര്‍ നിങ്ങളെ ശകാരിച്ചിട്ടുണ്ടാകാം. ഒരിക്കലും ഇങ്ങനെ ധൃതിയില്‍ ഭക്ഷണം കഴിക്കരുത്, അത് നന്നല്ല എന്ന ഒരേയൊരു കാര്യം മാത്രമാകാം അപ്പോഴൊക്കെയും അവര്‍ പറഞ്ഞുപോകുന്നത്. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടായിരിക്കാം ഇത്തരത്തില്‍ ഭക്ഷണം തിരക്കിട്ട് കഴിക്കരുത് എന്ന് പറയുന്നത്! എങ്ങനെയാകാം അങ്ങനെ തിരക്കിട്ട് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ദോഷമാകുന്നത്! പ്രധാനപ്പെട്ട ചില കാരണങ്ങള്‍ മനസിലാക്കാം. 

നമ്മള്‍ ഭക്ഷണം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാനും, ഊര്‍ജ്ജസ്വലതയുണ്ടാകാനുമെല്ലാമാണ്. അതെല്ലാം ശരി, എന്നാല്‍ ശരീരത്തിന് ഭക്ഷണം കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവയില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങളും മറ്റ് അവശ്യഘടകങ്ങളും വേര്‍തിരിച്ചെടുക്കുക എന്നതാണ്. 

ധൃതിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ ഭക്ഷണത്തില്‍ നിന്ന് വേണ്ട ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ ശരിയാംവണ്ണം നടക്കാതെ പോകുന്നു. എന്നുവച്ചാല്‍ ഭക്ഷണം കൊണ്ട് താല്‍ക്കാലികമായ ആശ്വാസമുണ്ടാകുന്നു എന്നതൊഴിച്ചാല്‍ വലിയ ഗുണങ്ങള്‍ ലഭിക്കാതെ പോകാമെന്ന്. ഇതുകൊണ്ടാണ്, തിരക്കിട്ട് കഴിച്ചാല്‍ തടിയില്‍ കാണില്ലെന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കുന്നതിന് പിന്നിലെ കാരണം. 

 

 

രണ്ടാമതായി, വിശന്നിരിക്കുമ്പോള്‍ വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരുപാട് അളവ് ഭക്ഷണം നമ്മള്‍ അകത്താക്കാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ഒരു നേരം ആവശ്യമായ ഭക്ഷണത്തിന്റെ അളവ് എന്നത്, ഒരാളുടെ ആകെ ആരോഗ്യത്തേയും അപ്പോഴത്തെ അവസ്ഥയേയുമെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും. എങ്കില്‍പ്പോലും മിക്കവാറും വിശന്നിരിക്കുമ്പോള്‍ നമ്മള്‍ അളവില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചുപോകുന്നു എന്നതാണ് സത്യം. 

ശരീരത്തിന് വേണ്ടുന്നയത്രയും ഭക്ഷണം വയറ്റിലെത്തിയാല്‍ തലച്ചോറിലേക്ക് അതനുസരിച്ചുള്ള സിഗ്നല്‍ എത്തും. എന്നാല്‍, തിരക്കിട്ട് കഴിക്കുമ്പോള്‍ വയറ് നിറഞ്ഞോ, ഭക്ഷണം മതിയായോ എന്ന് പോലും മനസിലാക്കാന്‍ നമുക്ക് കഴിയില്ല. എന്നുവച്ചാല്‍ സമയത്തിന് തലച്ചോറിലേക്ക് സിഗ്നല്‍ എത്തുന്നില്ലെന്ന് സാരം. 

ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. അമിതവണ്ണം, കൊളസ്‌ട്രോള്‍ മറ്റ് ജീവിതശൈലീ രോഗങ്ങളിലേക്കെല്ലാം ഈ ശീലം നമ്മെ നയിക്കും. പിന്നീട് നിയന്ത്രിച്ചുനിര്‍ത്താനാകാത്ത വിധത്തിലേക്ക് ഈ ശീലം നമ്മുടെ ഭാഗമായി മാറുകയും ചെയ്‌തേക്കാം. 

മറ്റൊരു പ്രധാന പ്രശ്‌നം, ദഹനസംബന്ധമായ ബുദ്ധിമുട്ടുകളാണ്. തിരക്കിട്ട് ഭക്ഷണം കഴിക്കുന്നവരില്‍ ആവശ്യമായ പോഷകങ്ങള്‍ എത്തില്ല എന്ന് മാത്രമല്ല, ദഹനപ്രശ്‌നങ്ങള്‍ പതിവാകുകയും ചെയ്യുന്നു. വായില്‍ വച്ച് തന്നെ ഭക്ഷണം നല്ലത് പോലെ ചവച്ചരച്ച്, വിഘടിക്കപ്പെടേണ്ടതുണ്ട്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മറ്റ് ദഹനാവയവങ്ങളില്‍ നടക്കുന്നത്. എന്നാല്‍ വായില്‍ വച്ച് നടക്കേണ്ട വിഘടനം നടക്കുന്നില്ല എങ്കിലോ! സ്വാഭാവികമായും മറ്റ് ഘട്ടങ്ങളിലെ ദഹനപ്രവര്‍ത്തനങ്ങളും അവതാളത്തിലാകും, തീര്‍ച്ച. 

 

 

ചിലരില്‍ ഭക്ഷണം ധൃതിയില്‍ കഴിക്കുന്ന ശീലം മൂലം ടൈപ്പ്-2 പ്രമേഹം പിടിപെടാനുള്ള സാധ്യതയും ഉണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. തിരക്കിട്ട് കഴിക്കുന്നതിന്റെ ഭാഗമായി വയര്‍ കെട്ടിവീര്‍ക്കുന്ന അവസ്ഥ പലരിലുമുണ്ടാകാറുണ്ട്. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ബാധിക്കുകയും അതുവഴി ടൈപ്പ്-2 പ്രമേഹം പിടിപെടുകയും ചെയ്യുകയാണത്രേ സംഭവിക്കുക. 

ഭക്ഷണം തിടുക്കത്തില്‍ കഴിക്കുന്നത് കൊണ്ട് പ്രത്യക്ഷമായ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ഇത് തൊണ്ടയില്‍ കെട്ടിനിന്ന് അപകടങ്ങളുണ്ടാകാനും സാധ്യതകളേറെയാണ്. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും ഇതത്ര ചെറിയ വിഷയമല്ല കേട്ടോ. 

ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും ഒരിടത്തിരുന്ന്, സാവധാനം രുചിയറിഞ്ഞ്, ചവച്ചരച്ച് കഴിക്കുക. ആവശ്യത്തിന് മാത്രം ഒരു നേരം കഴിക്കുക. വീണ്ടും രണ്ട് മണിക്കൂറിന് ശേഷം ലഘുവായി കഴിക്കാം. ഇത്തരത്തില്‍ ഇടവിട്ട് അല്‍പാല്‍പമായി, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

Also Read:-കുട്ടികൾക്ക് മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...