പ്രമേഹം ഇന്ന് പലരേയും അലട്ടുന്ന അസുഖമാണ്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇന്ന് യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. 

95% പ്രമേഹ രോഗികളിലും കാണപ്പെടുന്നത് ടൈപ്പ്  2 പ്രമേഹം ആണ്. സാധാരണയായി  35 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. ഇൻസുലിന്റെ  ഉല്പാദനക്കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കാതെയിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ഡയറ്റീഷ്യൻ ഡോ. ഡഗ്ലസ് ട്വൻ‌ഫോർ പറയുന്നു.

ഉപ്പ് ...

ഉപ്പ് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നതിന് കാരണമായേക്കാം. അത് മാത്രമല്ല, പക്ഷാഘാതം , ഹൃദ്രോ​ഗം എന്നിവ ഉണ്ടാക്കാമെന്നും ഡോ.ഡഗ്ലസ് പറയുന്നു. പ്രമേഹമുള്ളവർ ഉപ്പ് പൂർണമായും ഒഴിവാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദിവസം പരമാവധി 6 ഗ്രാം (ഒരു ടീസ്പൂൺ) ഉപ്പ് സ്വയം പരിമിതപ്പെടുത്താൻ ശ്രമിക്കുക. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോഴും ഉപ്പ് പരമാവധി കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.


 
പ്രോസസ്ഡ് മീറ്റ് ...

പ്രമേഹമുള്ളവർ ഒരു കാരണവശാലും പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കരുത്. പ്രോസസ്ഡ് മീറ്റ് കഴിക്കുന്നവരിൽ ​ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ കണ്ടുവരുന്നതായാണ് വിവിധ പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ക്യാൻസറിന് പ്രധാന കാരണമാകും. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.  

 

 

മധുരപാനീയങ്ങൾ...

പ്രമേഹമുള്ളവർ മധുരപാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയിൽ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവർ, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും. 

ഫ്രഞ്ച് ഫ്രൈസ്...

പ്രമേഹമുള്ളവർ ഫ്രഞ്ച് ഫ്രൈസ് പരമാവധി ഒഴിവാക്കുക. ഫ്രഞ്ച് ഫ്രൈസ് ഉരുളക്കിഴങ്ങ് കൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് അറിയാമല്ലോ?. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. എങ്കിലും സ്റ്റാര്‍ച്ചിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും കാര്യത്തില്‍ ഉരുളക്കിഴങ്ങ് മുന്‍പന്തിയിലാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. കൂടാതെ, ശരീരഭാരം കൂടുന്നതിനും കാരണമായേക്കും