2600 രൂപയുടെ ഫ്രഞ്ച് ഫ്രൈസ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത മൂന്ന് വയസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അച്ഛന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് ഈ കൊച്ചുമിടുക്കന്‍റെ കുസൃതി. അയർലണ്ടിലാണ് സംഭവം നടന്നത്.

അച്ഛന്‍റെ ഫോണില്‍ സ്ഥിരമായി യൂട്യൂബ് വീഡിയോ കാണുന്ന മൂന്ന് വയസുകാരന്‍ ഹാരിയാണ് ഇവിടെ താരമായിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്ത ഫ്രഞ്ച് ഫ്രൈസ് പെട്ടെന്ന് ഡെലിവറി ചെയ്യാന്‍ ഡെലിവറി ബോയ്ക്ക് ഹാരി ടിപ്പും നല്‍കി. മകന്‍റെ ഈ പ്രവര്‍ത്തിയില്‍ അമ്പരന്ന് നില്‍ക്കുകയാണ് അമ്മ. സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

 

വീടിന് പുറത്ത് ഡെലിവറിബോയ് എത്തിയപ്പോഴാണ് അമ്മ അഷ്ലി ഇക്കാര്യം അറിയുന്നത്. ഫ്രഞ്ച് ഫ്രൈസുമായി വന്ന ഡെലിവറി ബോയിയോട് ഇത് ഇവിടെ ഓര്‍ഡര്‍ ചെയ്തതല്ല എന്ന് അമ്മ ആദ്യം പറഞ്ഞു. എന്നാല്‍ ഓര്‍ഡര്‍ ചെയ്തത് ഹാരിയുടെ അച്ഛന്‍റെ പേരിലാണെന്ന് ഡെലിവറി ബോയ് വിശദീകരിച്ചു. 

തന്നോട് പറയാതെ ഭര്‍ത്താവ് ഓര്‍ഡര്‍ ചെയ്തതായിരിക്കും എന്നാണ് അഷ്ലി കരുതിയത്. എന്നാല്‍ അപ്പോഴാണ് കഥയിലെ നായകനായ ഹാരിയുടെ വരവ്. ഫ്രഞ്ച് ഫ്രൈസ് കണ്ടതിന്‍റെ സന്തോഷം ഹാരിയുടെ മുഖത്ത് കാണാമായിരുന്നു എന്നും അഷ്ലി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

 

Also Read: ഇതെന്തോന്ന്! മഞ്ഞ് പൊഴിയുന്ന ഫ്രഞ്ച് ഫ്രൈസോ?; വൈറലായി ഫോട്ടോ...