ഹോട്ടലില്‍ പോയി നേരിട്ട് വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തില്‍ എന്തെങ്കിലും കുറവ് നേരിട്ടാല്‍ അത് അപ്പോള്‍ത്തന്നെ അവിടെ അറിയിക്കാന്‍ നമുക്കാകും. എന്നാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറാകുമ്പോള്‍ അത്ര സുഖകരമല്ല സംഗതി. ഭക്ഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് വെറുതെ രേഖപ്പെടുത്താം എന്നല്ലാതെ പലപ്പോഴും ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന മറുപടി പോലും ലഭിച്ചെന്ന് വരില്ല. 

അത്തരം സന്ദര്‍ഭങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉന്നയിക്കുന്നവര്‍ ഏറെയാണ്. സമാനമായൊരു പരാതിയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ഏറെ ശ്രദ്ധ നേടുന്നത്. 

കെഎഫ്‌സിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ച ഫ്രഞ്ച് ഫ്രൈസിനെക്കുറിച്ച് സിഡ്‌നി സ്വദേശിയായ ബ്രൂക്ക് എന്ന യുവതിയിട്ട പോസ്റ്റും ചിത്രവുമാണ് വൈറലായത്. മഞ്ഞ് പൊഴിയുന്നത് പോലെയാണ് എനിക്കീ ഫ്രൈസ് കാണുമ്പോള്‍ തോന്നുന്നതെന്നായിരുന്നു ബ്രൂക്കിന്റെ കിടിലന്‍ അടിക്കുറിപ്പ്. 

സംഭവമെന്തെന്നാല്‍ ഓര്‍ഡറെത്തി തുറന്നുനോക്കിയപ്പോള്‍ ഫ്രൈസിന്റെ മുകളിലും വശങ്ങളിലും മുഴുവന്‍ ഉപ്പാണ്. പാക്ക് ചെയ്യും മുമ്പ് ഉപ്പ് കുടഞ്ഞിട്ടത് അമിതമായിപ്പോയതാകാം. എന്തായാലും കഴിക്കാനാകാത്ത അത്രയും ഉപ്പ് ഫ്രൈസില്‍ പറ്റിയിരിക്കുന്നത് ചിത്രത്തില്‍ വ്യക്തമാണ്. 

മൂവ്വായിരത്തിലധികം പേരാണ് ബ്രൂക്കിന്റെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ആറായിരത്തിലധികം പേര്‍ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.

 

Also Read:- ഫ്രഞ്ച് ഫ്രൈസ് ഇനി വീട്ടിൽ തയ്യാറാക്കാം...