ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാം. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം ഇന്ന് നയിക്കുന്നത്. കൊറോണ നമ്മുടെ ജീവിതത്തെ വീട്ടുതടങ്കലിലാക്കിക്കഴിഞ്ഞു എന്നുതന്നെ പറയാം. അവശ്യസാധനങ്ങൾ വാങ്ങാന്‍ മാത്രമാണ് നമ്മളില്‍ പലരും പുറത്തേയ്ക്ക് പോകുന്നത്. 

സാധാനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും മുന്‍കരുതലുകള്‍ പാലിക്കണം. മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കുക. കടകളില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പും സാനിറ്റൈസര്‍ ഉപയോഗിക്കുക.  ഭക്ഷണസാധനങ്ങള്‍ വാങ്ങി വീട്ടിലെത്തി കഴിഞ്ഞാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് ആദ്യം നിങ്ങളുടെ കൈകൾ വൃത്തിയായി കഴുകുക. ശേഷം പഴങ്ങളോ പച്ചക്കറികളോ, വാങ്ങിയ സാധനങ്ങളും നന്നായി കഴുകണം. 

ദിവസവും നാം വാങ്ങുന്ന മറ്റൊന്നാണ് പാല്‍.   പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാല്‍ പായ്ക്കറ്റുകള്‍ സുരക്ഷിതമായും വൃത്തിയായും ഉപയോഗിക്കാന്‍ ചില ടിപ്പുകള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പങ്കുവയ്ക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം. 


ഒന്ന്...

പാല്‍ എത്തിച്ചു നല്‍കുന്ന ആളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കണം. പാല്‍ വിതരണക്കാരന്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ചിട്ടുണ്ടൊയെന്ന് ഉറപ്പാക്കണം. ഒപ്പം നമ്മളും മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. 
 
രണ്ട്...

വീടിനുള്ളില്‍ കയറിയ ഉടന്‍ കൈകള്‍ നന്നായി കഴുകുക. 

മൂന്ന്...

പാല്‍ക്കുപ്പി, പായ്ക്കറ്റ് എന്നിവ നന്നായി ശുദ്ധജലത്തില്‍ കഴുകിയ ശേഷം മാത്രം തുറക്കാം.

നാല്...

കഴുകിയ ഉടനേ പായ്ക്കറ്റ് പൊട്ടിക്കരുത്. അങ്ങനെ ചെയ്താല്‍  കവറിന് പുറത്തുള്ള വെള്ളവും പാത്രത്തില്‍ വീഴും. ഒപ്പം നമ്മുടെ കൈയിലുള്ള വെള്ളവും.

അഞ്ച്...

പാല്‍ പാത്രത്തിലേക്ക് പകരുന്നതിന് മുന്‍പും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

ആറ്...

ഇനി പാല്‍ പാത്രത്തിലേക്ക് പകര്‍ന്ന് തിളപ്പിക്കാം. പാല്‍ നന്നായി തിളപ്പിച്ച്  ഉപയോഗിക്കുന്നതാണ് നല്ലത്.

Also Read: ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ ഈ കാര്യങ്ങള്‍ ചെയ്തോളൂ....