ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കാലറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ആഴ്ച്ചയിൽ രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത് യാതൊരു ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ആഴ്ച്ചയിൽ രണ്ട് മുട്ട വീതം കഴിക്കുന്നത്‌ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ഈസ്റ്റേൺ ഫിൻലൻഡിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. മുട്ട കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ മുട്ട പുഴുങ്ങി കഴിക്കുന്നതാകും കൂടുതൽ നല്ലത്. 

രണ്ട്...

ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും. സോല്യുബിള്‍ ഫൈബര്‍ ബൈല്‍ ആസിഡുകളുമായി ചേര്‍ന്ന് കൊളസ്‌ട്രോളിനെ ഇല്ലാതാക്കും. ബീന്‍സ്, ആപ്പിള്‍, ക്യാരറ്റ് എന്നിവയിലും സോല്യുബിള്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാവിലെ പ്രഭാതഭക്ഷണത്തിന് ഓട്സ് പാലിൽ കുറുക്കി കഴിക്കാവുന്നതാണ്. മധുരം ചേർക്കാതെ വേണം ഓട്സ് കഴിക്കാൻ. 

മൂന്ന്...

ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ദിവസവും ഉച്ചയ്ക്ക് ഒരു ബൗൾ വെജിറ്റബിൾ സാലഡ് കഴിക്കുന്നത് ശീലമാക്കുക. കാരണം വിശപ്പ് കുറയ്ക്കാനും വയറ് എപ്പോഴും നിറഞ്ഞിരിക്കാനും സാലഡ് കഴിക്കുന്നത് സഹായിക്കും. ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദിവസവും ഒരു നേരം സാലഡ് കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാനും മലബന്ധം മാറ്റാനും സഹായിക്കുമെന്ന് ബാർബറ റോൾസ് രചിച്ച ദ വോള്യൂമെട്രിക്സ് എന്ന  പുസ്തകത്തിൽ പറയുന്നു. അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സാലഡ് കഴിക്കുന്നത് ​ഗുണം ചെയ്യും. 

നാല്...

ആരോ​ഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് നട്സ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് മുമ്പ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ദിവസവും ബ്രേക്ക്ഫാസ്റ്റിൽ പിസ്ത, വാൾനട്ട്, അണ്ടിപരിപ്പ്, ബദാം ഇവയിൽ ഏതെങ്കിലും ഒരു നട്സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ ​സഹായിക്കും.