ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ വീട്ടില്‍ വെറുതെയിരിക്കുന്ന സുഹൃത്തുക്കള്‍ക്കെല്ലാം ചര്‍ച്ച ചെയ്യാന്‍ ഒരേയൊരു വിഷയമേയുള്ളൂ. ഭക്ഷണകാര്യം തന്നെ, അല്ലാതെന്ത്! സോഷ്യല്‍ മീഡിയ വെറുതെ ഒന്നോടിച്ച് നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. 

പതിവില്ലാത്ത പോലെ വീട്ടില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുമ്പോഴുണ്ടാകുന്ന വിരസതയാണ് ഭക്ഷണത്തോട് അമിതമായ ഒരു ഭ്രമം ഈ ദിവസങ്ങളില്‍ ഉണ്ടാകാന്‍ പ്രധാന കാരണം. അനാരോഗ്യകരമായ പാക്കറ്റ് ഭക്ഷണങ്ങളുടെ വില്‍പന ഈ ലോക്ക്ഡൗണ്‍ കാലത്തും ഉയര്‍ന്നിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഏതായാലും ഭയപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയില്ലാത്ത വിധം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍ വണ്ണം കൂടുമെന്ന് മാത്രമല്ല, മറ്റ് വല്ല അസുഖങ്ങളിലേക്കുള്ള സാധ്യതകളും അത് തുറന്നിടും. 

ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇങ്ങനെയുള്ള 'ഓവര്‍ ഈറ്റിംഗ്' നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ പരീക്ഷിക്കാവുന്ന ചില കുഞ്ഞ് 'ടിപ്‌സ്' അറിഞ്ഞുവച്ചാലോ!

Also Read:- ലോക്ക്ഡൗൺ അല്ലേ, തടി കൂടുന്നതായി തോന്നുന്നുണ്ടോ...?

ഒന്ന്...

എല്ലാ ദിവസവും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്ന പതിവുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഒഴിവാക്കുക. 

 

 

ഈ ലോക്ക്ഡൗണ്‍ കാലത്തും ഇത്തരം പതിവുകള്‍ തുടരുന്നവരുണ്ട്. സാമൂഹികാകലം പാലിച്ചും, മാസ്‌ക് ധരിച്ചും ഒക്കെയാകാം നിങ്ങള്‍ പുറത്തുപോകുന്നത്, എന്നാല്‍ ദിവസവും പുറത്തുപോയി സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ അമിതമായി 'ഷോപ്പിംഗ്' നടത്താന്‍ സാധ്യതയുണ്ട്. ഇത് 'ഓവര്‍ ഈറ്റിംഗി'ലേക്ക് നയിച്ചേക്കാം. 

രണ്ട്...

നമ്മള്‍ വിശന്നിരിക്കുമ്പോള്‍ നമുക്ക് ഭക്ഷണത്തോടുള്ള സമീപനവും വയറുനിറഞ്ഞിരിക്കുമ്പോഴുള്ള സമീപനവും രണ്ടല്ലേ? ഇത് തികച്ചും മനശാസ്ത്രപരമായ ഒരു കാര്യമാണ്. ഇതുതന്നെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോകുമ്പോഴും പരീക്ഷിക്കാം. ഭക്ഷണം കഴിച്ച ശേഷം മാത്രം വീട്ടുസാധനങ്ങള്‍ വാങ്ങിക്കാന്‍ പുറത്തുപോവുക. അനാവശ്യമായ ഭക്ഷണസാധനങ്ങളുടെ തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഈ തന്ത്രം നല്ലതാണെന്നാണ് വിദഗ്ധരുടെ ഉപദേശം. 

മൂന്ന്...

പ്രഭാതഭക്ഷണമായി പയറുവര്‍ഗങ്ങളെന്തെങ്കിലും നല്ലത് പോലെ കഴിക്കുക. ഇവ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും. 

 

 

വളരെ 'ലൈറ്റ്' ആയ ഭക്ഷണം രാവിലെ കഴിക്കുമ്പോഴാണ് പിന്നീട് ഇടവിട്ട് വിശപ്പനുഭവപ്പെടുന്നതും സ്‌നാക്‌സിനായി അന്വേഷിക്കേണ്ടിവരുന്നതും. 

നാല്...

അല്‍പസ്വല്‍പമെല്ലാം നിയന്ത്രിതമായ ഒരു ഡയറ്റ് കൊണ്ടുപോകാന്‍ ശ്രമിക്കുക. ഇതിന് മനശക്തി തന്നെയാണ് പ്രധാനമായും വേണ്ടത്. അനാരോഗ്യകരമായ പാക്കറ്റ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം, ജങ്ക് ഫുഡ് എന്നിവയെല്ലാം പരമാവധി ഒഴിവാക്കി പഴങ്ങളിലേക്കും നട്ട്‌സ്- സീഡ്‌സ് എന്നിവകളിലേക്കും മാറുക. 

Also Read:- ഏഴ് ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാം; പരീക്ഷിക്കാം ഈ ഡയറ്റ് പ്ലാന്‍ !...

അഞ്ച്...

വെറുതിയിരിക്കുമ്പോഴുണ്ടാകുന്ന വിരസതയാണ് ഭക്ഷണത്തോടുള്ള അമിതാസക്തിക്ക് കാരണമാക്കുന്നതെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. അതിനാല്‍ വെറുതെയിരിപ്പ് കുറയ്ക്കാം. വീട്ടുജോലികളിലോ ക്രിയാത്മകമായ ജോലികളിലോ എപ്പോഴും മുഴുകാന്‍ ശ്രമിക്കുക. ടിവി കാണുന്നത് ഭക്ഷണം കഴിപ്പ് കൂട്ടുന്നുവെന്ന് മനസിലാക്കിയാല്‍ അവിടെയും നിയന്ത്രണമാകാം.