ഒക്ടോബര്‍ മൂന്നിന് അടല്‍ തുരങ്കം ഉദ്ഘാടനം ചെയ്യാനായി എത്തുന്ന പ്രധാനമന്ത്രിക്ക് ഒരുക്കുന്ന ഭക്ഷണത്തിലെ വിഭവങ്ങള്‍ ആരെയും കൊതിപ്പിക്കും. സ്പിതി ലാഹൂള്‍ താഴ്വരയിലെത്തുന്ന പ്രധാനമന്ത്രിക്ക് പരമ്പരാഗത രീതിയിലുള്ള പ്രാദേശികമായ ഭക്ഷണമാണ് വിളമ്പുക. മന്നയും ചുവന്ന ഉരുളക്കിഴങ്ങും, ചില്ല്ര, വാള്‍നട്ട് കൊണ്ട് തയ്യാറാക്കിയ സിദ്ദ്, മല്ലിയും പുതിനയും ഉപയോഗിച്ച് തയ്യാറാക്കിയ ചട്നിക്കുമൊപ്പം തിബറ്റന്‍ നൂഡില്‍ സൂപ്പായ തുപ്കയുമാണ് പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

ഹിമാചല്‍ പ്രദേശിലെ തനത് ചായയും പ്രധാനമന്ത്രിക്ക് നല്‍കും. അല്‍പം ഉപ്പ് ചുവയുള്ളതാണ് ഈ ചായ. കറുത്ത കടലയും അരിയും പച്ചക്കറികളും ചേര്‍ത്താണ് തുപ്ക സൂപ്പ് തയ്യാറാക്കുന്നത്. ഉപ്പും ജീരകവും ചേര്‍ത്ത്  ഗോതമ്പ് പൊടി കൊണ്ടാണ് മന്ന തയ്യാറാക്കുന്നത്. പ്രാദേശികമായി തയ്യാറാക്കുന്ന നെയ്യും ചുവന്ന ഉരുളക്കിഴങ്ങ് കറിക്കൊപ്പമാണ് മന്ന സാധാരണയായി കഴിക്കാറ്. ഹിമാചലില്‍ സാധാരണയായി കാണാറുള്ള ഒരു ധാന്യമായ കാത്തു ഉപയോഗിച്ചാണ് ചില്ല്ര തയ്യാറാക്കുന്നത്. പുതിനയും മല്ലിയിലയും ചേര്‍ത്ത് തയ്യാറാക്കുന്ന ചട്നിക്കൊപ്പമാണ് ചില്ല്ര കഴിക്കുക. 

കരിക്ക്, കാരറ്റ്, വാള്‍നട്ട് എന്നിവയുടെ മിശ്രിതമുപയോഗിച്ച തയ്യാറാക്കുന്ന ബ്രെഡ് പോലുള്ള വിഭവമാണ് സിദ്ദ്. അല്‍പം ഉപ്പുള്ള ഹിമാചലിന്‍റെ തനത് ചായക്കും ഗ്രീന്‍ ചട്നിക്കും ഒപ്പമാണ് സിദ്ദ് കഴിക്കുക. ഹിമാചല്‍ പ്രദേശിലെ സാധാരണക്കാരുടെ പ്രഭാത ഭക്ഷണമാണ് ഇത്. ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് സ്വന്തം വീട്ടിലെത്തുന്നത് പോലെയാണെന്ന് ഇതിന് മുന്‍പ് പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുള്ള പ്രധാനമന്ത്രിക്ക് തനത് വിഭവങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് നിരീക്ഷണം. മണാലിയില്‍ നിന്ന് ലേയിലേക്കുള്ള യാത്ര ഏഴ് മണിക്കൂര്‍ കുറയ്ക്കുന്നതാണ് റോതാങ് തുരങ്കപാത. 46 കിലോമീറ്റര്‍ ദൂരമാണ് രണ്ട് സ്ഥലങ്ങള്‍ക്കിടയില്‍ ഈ തുരങ്കം കുറയ്ക്കുക. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ തുരങ്കപാതയായാണ് റോതാങ്കിനെ വിലയിരുത്തുന്നത്.