തെറ്റായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതുമാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്.

ഇന്ന് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മലബന്ധം. തെറ്റായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതുമാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. മലബന്ധം മാറാനും ദഹനം മെച്ചപ്പെടുത്താനും ഈ പാനീയങ്ങൾ ഡയറ്റിൽ ഉപ്പെടുത്തൂ.

1. പ്രൂൺ ജ്യൂസ്

സോർബിറ്റോൾ എന്ന സ്വാഭാവിക ഘടകവും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് പ്രൂൺ ജ്യൂസ്. ഇത് കുടലിലേക്ക് വെള്ളം ആഗിരണം ചെയ്യാനും മലബന്ധം അകറ്റാനും സഹായിക്കും. ഉണങ്ങിയ പ്രൂൺസ് കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

2. ചെറുചൂടുവെള്ളം

ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടാകുന്നത് മലബന്ധം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും മലവിസർജ്ജനം എളുപ്പമാക്കാനും സഹായിക്കും.

3. കഫീൻ അടങ്ങിയ പാനീയങ്ങൾ

കാപ്പി കുടിക്കുന്നത് കുടലിന്റെ ചലനങ്ങളെ വേഗത്തിലാക്കാൻ സഹായിക്കും. കഫീൻ അടങ്ങിയതോ അല്ലാത്തതോ ആയ കാപ്പി കുടിക്കുമ്പോൾ പലർക്കും പെട്ടെന്ന് ബാത്ത്റൂമിൽ പോകാൻ തോന്നുന്നത് ഇതിനാലാണ്.

4. കുതിർത്ത ചിയ സീഡ്‌സ്

വെള്ളത്തിൽ കുതിർത്ത ചിയ വിത്തുകൾ ദഹനത്തിന് വളരെ നല്ലതാണ്. ഒരു ടേബിൾസ്പൂൺ ചിയ സീഡ്‌സ് വെള്ളത്തിൽ ഇട്ട് 10-15 മിനിറ്റ് കുതിർത്തെടുത്ത ശേഷം, അതിലേക്ക് കഷണങ്ങളാക്കിയ വെള്ളരി, പുതിനയില, അല്പം ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ദഹനം സുഗമമാക്കും.

5. ഇഞ്ചി ചായ

ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നത് വയറിന് ശാന്തത നൽകാനും ദഹനം വേഗത്തിലാക്കാനും സഹായിക്കും. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അസ്വസ്ഥതകൾ കുറയ്ക്കുകയും ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

6. കിവി സ്മൂത്തി

കിവി പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന സ്മൂത്തിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.