ബദാം കഴിക്കുന്നതിന് പുറമെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ലളിതമായ ശീലങ്ങളെക്കുറിച്ചും ഡോ. സൗരഭ് സേത്തി പങ്കുവച്ചിട്ടുണ്ട്.
ബദാമിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ദിവസവും ബദാം കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നു. "ഒന്നാമതായി, നിങ്ങളുടെ ഹൃദയം. ബദാം കഴിക്കുന്നത് എൽ.ഡി.എൽ (LDL) അഥവാ 'മോശം കൊളസ്ട്രോൾ' അളവ് ഡെസിലിറ്ററിന് ഏകദേശം 5 മില്ലിഗ്രാം വരെ കുറയ്ക്കുന്നതായി ഒരു മെറ്റാ-അനാലിസിസിൽ കണ്ടെത്തി.
രണ്ടാമതായി, നിങ്ങളുടെ ദഹനവ്യവസ്ഥ. ഒരു പിടി ബദാം - അതായത് ഏകദേശം 23 എണ്ണം - കഴിക്കുമ്പോൾ ഏകദേശം 4 ഗ്രാമോളം നാരുകൾ ലഭിക്കുന്നു, ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ സഹായിക്കുന്നുവെന്ന് ഡോ. സൗരഭ് സേത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
മൂന്നാമതായി, രക്തത്തിലെ പഞ്ചസാരയുടെ അളവ്. കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണത്തോടൊപ്പം ബദാം കഴിക്കുന്നത്, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും. നാലാമതായി, നിങ്ങളുടെ വിശപ്പ്. ഒരു പിടി ബദാമിൽ 6 ഗ്രാം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അഞ്ചാമതായി, നിങ്ങളുടെ ചർമ്മം. 24 ആഴ്ചകൾക്ക് ശേഷം ചർമ്മത്തിലെ ചുളിവുകളുടെ തീവ്രതയിൽ 16% കുറവുണ്ടായതായി ഒരു പഠനം കണ്ടെത്തി.
ബദാം കഴിക്കുന്നതിന് പുറമെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എട്ട് ലളിതമായ ശീലങ്ങളെക്കുറിച്ചും ഡോ. സൗരഭ് സേത്തി പങ്കുവച്ചിട്ടുണ്ട്. രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ പരിശോധിക്കുന്ന ശീലം മാറ്റുക. രാവിലെ ഏകദേശം 10 മിനിറ്റ് നേരം സൂര്യപ്രകാശം ഏൽക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണശേഷം അല്പനേരം നടക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. തൈര്, യോഗർട്ട് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കും. മഞ്ഞൾ, ഇഞ്ചി, ജീരകം, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും ഉപയോഗിക്കുന്നത് ദഹനാരോഗ്യത്തിന് ഗുണകരമാണ്.






