ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരുടേയും ആശ്വാസം നേരത്തേ വാങ്ങിക്കൊണ്ട് വന്ന് സൂക്ഷിക്കുന്ന പലവിധത്തിലുള്ള പാക്കറ്റ് ഭക്ഷണസാധനങ്ങളായിരിക്കും. ചിപ്‌സ്, മിക്‌സ്ചര്‍, ബിസ്‌കറ്റുകള്‍, നട്ട്‌സ് എന്ന് തുടങ്ങി പാക്കറ്റുകളില്‍ എത്തുന്ന സ്‌നാക്‌സോ ഭക്ഷണസാധനങ്ങളോ ഏറെയാണ്.

എന്നാല്‍ പാക്കറ്റിലെത്തുന്ന സാധനങ്ങളുടെ ഒരു വലിയ പോരായ്ക എന്തെന്നാല്‍ ഒരു തവണ അതിന്റെ സീല്‍ മാറ്റിക്കഴിഞ്ഞാല്‍ പിന്നെ ഒന്നുകില്‍ അത് എയര്‍ടൈറ്റ് കണ്ടെയ്‌നറുകളിലോ കുപ്പികളിലോ ആക്കിവയ്ക്കണം. പാക്കറ്റില്‍ തന്നെ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, പാക്കറ്റില്‍ തന്നെ വയ്ക്കുമ്പോള്‍ കാറ്റ് കയറി അത് ചീത്തയായിപ്പോകാനുള്ള സാധ്യതകളും കൂടുതലാണ്. 

മുമ്പായിരുന്നെങ്കില്‍ ഒന്നും നോക്കാതെ പാക്കറ്റില്‍ ബാക്കി കിടക്കുന്ന കാറ്റ് കയറിയ ചിപ്‌സെല്ലാം തൂക്കിയെടുത്ത് കളയുന്നവരുണ്ട്. എന്നാലിപ്പോഴത്തെ അവസ്ഥ അതല്ലല്ലോ. ഓരോന്നും സൂക്ഷിച്ച് അടുത്ത നേരത്തേക്ക് എടുത്തുവയ്ക്കുന്നതിന്റെ പ്രധാാന്യം നമ്മള്‍ മനസിലാക്കുകയാണ്. 

അങ്ങനെ വരുമ്പോള്‍ ഇതെല്ലാം സൂക്ഷിക്കാന്‍ കുപ്പികള്‍ക്ക് ഓടിനടക്കേണ്ട അവസ്ഥയും വരും. എന്നാലിതാ ഇനി മുതല്‍ പാക്കറ്റ് ഭക്ഷണസാധനങ്ങള്‍ സീല്‍ ഇളക്കിയാലും അതേ പാക്കറ്റില്‍ തന്നെ സൂക്ഷിക്കാനൊരു കിടിലന്‍ ഐഡിയ. 

ടിവി അവതാരകയായ പദ്മ ലക്ഷ്മിയാണ് പുതുമയുള്ള ഐഡിയ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. പകുതി കാലിയായ ചിപ്‌സ് പാക്കറ്റ് പ്രത്യേകരീതിയില്‍ മടക്കിയെടുക്കുകയാണ് പദ്മ. വീഡിയോ ഒന്നോ രണ്ടോ തവണ കണ്ടാല്‍ത്തന്നെ എളുപ്പത്തില്‍ ഇത് പഠിച്ചെടുക്കാവുന്നതേയുള്ളൂ. 

 

 

ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ പദ്മ പങ്കുവച്ച വീഡിയോ കണ്ടത്. നിരവധി പേര്‍ ഇത് വീണ്ടും പങ്കുവയ്ക്കുന്നു. അപ്പോള്‍ ഇനി പാക്കറ്റ് ഭക്ഷണം പൊട്ടിക്കുമ്പോള്‍ ആധി വേണ്ട. നല്ലത് പോലെ സൂക്ഷിക്കാന്‍ 'ഐഡിയ' ആയല്ലോ!