Asianet News MalayalamAsianet News Malayalam

2020ല്‍ ടേക്ക് എവേ ഓര്‍ഡര്‍ ഏറ്റവുമധികം ലഭിച്ച ഭക്ഷണം ഏതെന്നറിയാമോ?

പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ ഭക്ഷണത്തിന്റെ സ്ഥാനം. പാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ്, ഇസ്രയേല്‍, അരൂബ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവുമധികം ഇന്ത്യന്‍ ഭക്ഷണം അന്വേഷിച്ചിരിക്കുന്നതത്രേ

uk company report says that pizza is the most popular food globally for takeaway
Author
UK, First Published Jan 16, 2021, 8:31 PM IST

കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖല നേരിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്‍ കുതിച്ചുകയറ്റം തന്നെയാണ് ഈ മേഖലയില്‍ സംഭവിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിവിധ കമ്പനികള്‍ സുരക്ഷിതമായ ഭക്ഷണവിതരണം ആരംഭിച്ചതോടെ മുമ്പത്തേക്കാള്‍ അധികമായി ആളുകള്‍ ഓണ്‍ലൈന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന കാഴ്ച നാം കണ്ടു. 

ഇന്ത്യയില്‍ മാത്രമല്ല, മറ്റനവധി രാജ്യങ്ങളിലും 2020ല്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖല പിടിച്ചുനിന്നു എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു യുകെ കമ്പനി പുറത്തിറക്കിയ രസകരമായ റിപ്പോര്‍ട്ടാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ നിറയുന്നത്. 

ആഗോളതലത്തില്‍ തന്നെ ടേക്ക് എവേ ഓര്‍ഡറുകളില്‍ ഏറ്റവുമധികം പേര്‍ തെരഞ്ഞെടുത്ത ഭക്ഷണം പിസയാണെന്നാണ് ഈ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഓരോ രാജ്യങ്ങളിലും ഏതേതെല്ലാം ഭക്ഷണങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിച്ചതെന്നും മറ്റുമുള്ള വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നു. 

 

uk company report says that pizza is the most popular food globally for takeaway

 

ആകെ നൂറിലധികം രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവെന്നും അതില്‍ 44 രാജ്യങ്ങളിലും പിസ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പിസ ടേക്ക് എവേ, അല്ലെങ്കില്‍ പിസ ഡെലിവെറി എന്ന വാക്യമാണ് ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വാക്യമെന്നും ഇവര്‍ വാദിക്കുന്നു. 

യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങലിലെല്ലാം പിസയ്ക്ക് തന്നെ മുന്‍തൂക്കം. ഇന്ത്യയിലും ടേക്ക് എവേ ഓര്‍ഡറുകളില്‍ പിസ തന്നെ മുന്നിലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക്കിസ്ഥാനില്‍ പക്ഷേ ടേക്ക് എവേ ഓര്‍ഡറുകളില്‍ മുന്നിലെത്തിയത് ഇന്ത്യന്‍ ഭക്ഷണമാണത്രേ. പിസയ്ക്ക് തൊട്ടുപിന്നാലെ ചൈനീസ് ഭക്ഷണം, ഇതിന് പിന്നാലെ ജാപ്പനീസ് വിഭവമായ സുഷി, ഫിഷ്, ചിപ്‌സ് എന്നിങ്ങനെയാണ് പട്ടിക പോകുന്നത്. 

പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ ഭക്ഷണത്തിന്റെ സ്ഥാനം. പാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ്, ഇസ്രയേല്‍, അരൂബ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവുമധികം ഇന്ത്യന്‍ ഭക്ഷണം അന്വേഷിച്ചിരിക്കുന്നതത്രേ.

Also Read:- ഓരോ സെക്കന്‍ഡിലും ഒരു ബിരിയാണി; കണക്കെടുപ്പുമായി 'സ്വിഗി'...

Follow Us:
Download App:
  • android
  • ios