കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മിക്ക ഇന്ത്യന്‍ നഗരങ്ങളിലും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ തങ്ങളുടെ ചുവടുറപ്പിക്കുന്ന കാഴ്ച നമ്മള്‍ കണ്ടു. തിരക്കുപിടിച്ച ജീവിതത്തിനിടെ ഭക്ഷണം തയ്യാറാക്കാന്‍ കൂടി സമയം കണ്ടെത്താന്‍ കഴിയാത്ത യുവാക്കളെ കേന്ദ്രീകരിച്ച് തന്നെയാണ് അധികവും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്.

ഓണ്‍ലൈനായി ഇഷ്ടമുള്ള റെസ്‌റ്റോറന്റുകളില്‍ നിന്ന് ഇഷ്ടമുള്ള ഭക്ഷണം വീട്ടിലെത്തിക്കാം എന്നത് പിന്നീട് കുടുംബങ്ങളും സൗകര്യമായി കണ്ടുതുടങ്ങി. എന്നാല്‍ കൊവിഡ് 19ന്റെ വരവോട് കൂടി ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മാസങ്ങളോളം ഓണ്‍ലൈന്‍ ഭക്ഷണ സര്‍വീസ് മുടങ്ങി. 

ഇതോടെ വീടുകളില്‍ തന്നെ പരമാവധി ആവശ്യമായ വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന ശീലത്തിലേക്ക് നാം പതിയെ മാറുകയും ചെയ്തു. ഒരുപക്ഷേ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ക്ക് ഇത് വരുംകാലത്ത് വന്‍ തിരിച്ചടിയാകുമോ എന്ന് വരെ പലരും കണക്കുകൂട്ടി. 

അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വന്ന്, വീണ്ടും ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി തുടങ്ങിയപ്പോള്‍ വീണ്ടും വന്‍ കുതിച്ചുകയറ്റമാണ് ഈ മേഖലയിലുണ്ടായത്. അങ്ങനെ ഈ വര്‍ഷത്തെ ആകെ ഓര്‍ഡറുകളുടെ കണക്കെടുപ്പ് നടത്തിയിരിക്കുകയാണിപ്പോള്‍ പ്രുമഖ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണക്കാരായ 'സ്വിഗി'. 

പോയ വര്‍ഷത്തിലേതിന് സമാനമായി ഇക്കുറിയും ഏറ്റവുമധികം ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് ചിക്കന്‍ ബിരിയാണിക്കാണെന്ന് 'സ്വിഗി' വ്യക്തമാക്കുന്നു. ഓരോ സെക്കന്‍ഡിലും ഒരു ബിരിയാണി എന്ന നിലയ്ക്ക് അത്രമാത്രം ഓര്‍ഡറുകളെത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 

മിക്കവരും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ആദ്യം ഓര്‍ഡര്‍ ചെയ്തത് തന്നെ ചിക്കന്‍ ബിരിയാണിയാണത്രേ. ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള ഇഷ്ടം എത്രമാത്രമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. 

ചിക്കന്‍ ബിരിയാണിക്ക് പിന്നാലെ മസാല ദോശ, പനീര്‍ ബട്ടര്‍ മസാല. ചിക്കന്‍ ഫ്രൈഡ് റൈസ്, മട്ടണ്‍ ബിരിയാണി എന്നീ വിഭവങ്ങളും സ്ഥാനം പിടിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ചായയും കാപ്പിയും കൂടുതലായി ഓര്‍ഡര്‍ ചെയ്യപ്പെട്ടതും ഈ വര്‍ഷമാണത്രേ. സ്‌നാക്‌സുകളുടെ വിഭാഗത്തില്‍ 'പാനി പൂരി'യാണ് മുന്നിലെത്തിയിരിക്കുന്നത്. 

പലചരക്ക് സാധനങ്ങളുടെ വില്‍പനയിലും വലിയ മെച്ചമാണുണ്ടായിട്ടുള്ളതെന്ന് 'സ്വിഗി' പറയുന്നു. സവാളയാണ് ആപ്പ് വഴി ഏറ്റവുമധികം പേര്‍ ഓര്‍ഡര്‍ ചെയ്തത്. ഇതിന് പിന്നാലെ നേന്ത്രപ്പഴം, പാല്‍, ഉരുളക്കിഴങ്ങ്, മല്ലിയില തുടങ്ങിയവയും.

Also Read:- ഡോമിനോസ് പിസ നിര്‍മ്മാതാക്കള്‍ ഇനി ബിരിയാണിയിലേക്ക്...