ഭക്ഷണം വെറുതെ കളയുന്നത് പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും കൃഷിക്കുമെല്ലാം ദോഷം തന്നെയാണെന്നാണ് ഐക്യരാഷ്ട്രസംഘടന വ്യക്തമാക്കുന്നത്. പാരിസ്ഥിതികപ്രശ്നങ്ങള്‍ പഠിക്കുന്നതിനും ഇവയില്‍ ഇടപെടുന്നതിനുമായി ഐക്യരാഷ്ട്രസംഘടനയ്ക്ക് കീഴില്‍ വരുന്ന യുണൈറ്റഡ് നാഷൻസ് എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം (യുഎന്‍ഇപി) പറയുന്നത് പ്രകാരം ഓരോ വര്‍ഷവും ലോകത്ത് 10 കോടി ടണ്‍ ഭക്ഷണമെങ്കിലും പാഴായി പോകുന്നുണ്ട്. 

ഭക്ഷണം പാഴാക്കരുത്, വെറുതെ കളയരുത് എന്ന ഉപദേശം മിക്കവാറും നാം ചെറുപ്പത്തിലേ തന്നെ കേട്ടുവരുന്നതാണ്. ഭക്ഷണം വെറുതെ കളയുന്നത് വളരെ മോശം ശീലമാണെന്നതാണ് ഇതിന് കാരണമായി മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാറ്. 

സത്യത്തില്‍ ഭക്ഷണം വെറുതെ കളയുന്നത് പല രീതിയിലാണ് അനാരോഗ്യകരമായ പ്രവണതയാകുന്നത്. ഒന്ന് തീര്‍ച്ചയായും നാം കഴിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കൊതിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട് എന്നത് തന്നെയാണ്. ഇത്രയധികം പേര്‍ ലോകത്ത് ദാരിദ്ര്യമനുഭവിക്കുമ്പോള്‍ നാം ഭക്ഷണം വെറുതെ കളയുന്നത് തീര്‍ച്ചയായും അധാര്‍മ്മികം തന്നെയാണ്. 

ഇതിന് പുറമെ ഭക്ഷണം വെറുതെ കളയുന്നത് പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും കൃഷിക്കുമെല്ലാം ദോഷം തന്നെയാണെന്നാണ് ഐക്യരാഷ്ട്രസംഘടന വ്യക്തമാക്കുന്നത്. പാരിസ്ഥിതികപ്രശ്നങ്ങള്‍ പഠിക്കുന്നതിനും ഇവയില്‍ ഇടപെടുന്നതിനുമായി ഐക്യരാഷ്ട്രസംഘടനയ്ക്ക് കീഴില്‍ വരുന്ന യുണൈറ്റഡ് നാഷൻസ് എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം (യുഎന്‍ഇപി) പറയുന്നത് പ്രകാരം ഓരോ വര്‍ഷവും ലോകത്ത് 10 കോടി ടണ്‍ ഭക്ഷണമെങ്കിലും പാഴായി പോകുന്നുണ്ട്. 

ഇത് ഭീമമായ കണക്കാണെന്നും ഇതില്‍ കാര്യമായ ഇടപെടലുകള്‍ നടക്കേണ്ടതുണ്ടെന്നും യുഎന്‍ഇപി പറയുന്നു. ഇത്രയുമധികം ഭക്ഷണം പാഴാക്കുമ്പോള്‍ അത് കാലാവസ്ഥയെയും പരിസ്ഥിതിയെയുമെല്ലാം ബാധിക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

ആകെ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്‍റെ മൂന്നിലൊരു ഭാഗം ഈ രീതിയില്‍ പാഴായിപ്പോകുമ്പോള്‍ അത് അന്തരീക്ഷ മലിനീകരണം അടക്കമുള്ള മലിനീകരണത്തിനും, പ്രകൃതിക്കുമെല്ലാം ദോഷം ചെയ്യുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരിയാംവിധം സംസ്കരിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഇതില്‍ നിന്നുണ്ടാകുന്ന വാതക മാലിന്യം വളരെ ഗൗരവത്തോടെ കണക്കിലെടുക്കണമെന്നും പല സസ്യങ്ങളും ജീവജാലങ്ങളും വംശനാഷഭീഷണി നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്രയും ഭക്ഷണം പാഴായിപ്പോകുന്നത് കാര്‍ഷികമേഖലയെയും തകര്‍ച്ചയിലെത്തിക്കുമെന്നും യുഎന്‍ഇപി വ്യക്തമാക്കുന്നു. 

പ്രധാനമായും വീടുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങളാണത്രേ കൂടുതലുമുള്ളത്. ഇതിനാല്‍ ചില കാര്യങ്ങള്‍ ഓരോ വീട്ടിലുള്ളവരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും യുഎന്‍ഇപി പറയുന്നു. 

ഒരാഴ്ചയില്‍ വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം സംബന്ധിച്ചൊരു മാര്‍ഗരേഖ നേരത്തേ ഉണ്ടാകണം. ബാക്കി വരുന്ന പച്ചക്കറികള്‍ മറ്റ് സ്രോതസുകള്‍ എല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കണം ഈ പദ്ധതി. ഷോപ്പിംഗിന് പോകുമ്പോള്‍ ആവശ്യമുള്ള ഭക്ഷണസാധങ്ങള്‍ മാത്രം വാങ്ങിക്കുക, അമിതമായി വാങ്ങിക്കാതിരിക്കുക. ചോറ് പോലുള്ള ഏറ്റവുമധികം കഴിക്കുന്ന ഭക്ഷണം വയ്ക്കുമ്പോള്‍ ഇതിന്‍റെ അളവില്‍ കണിശത പുലര്‍ത്തുക. വീടുകളില്‍ ബാക്കിയാകുന്ന ഭക്ഷണം, ഉപയോഗിക്കാൻ സാധിക്കാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയെല്ലാം അപ്പഴപ്പോള്‍ സംസ്കരിക്കുക. എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ വീടുകളില്‍ ഭക്ഷണമാലിന്യം വലിയ രീതിയില്‍ കുറയ്ക്കാൻ സാധിക്കുമെന്നാണ് യുഎന്‍ഇപി പറയുന്നത്.

Also Read:- 2022ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ഈ ഭക്ഷണം; റിപ്പോര്‍ട്ടുമായി സൊമാറ്റോ