Asianet News MalayalamAsianet News Malayalam

കൊറോണക്കാലത്തെ 'സ്ട്രീറ്റ് ഫുഡ്'; കിടിലന്‍ ഐഡിയക്ക് കയ്യടി

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ പുതിയ സാഹചര്യങ്ങളോട് ഇണങ്ങിക്കൊണ്ട് തന്നെ സാധാരണജീവിതം നയിക്കാന്‍ കഴിയുമോയെന്നതാണ് ഏവരും പരീക്ഷിക്കുന്നത്. മാസങ്ങളോളം കച്ചവടമില്ലാതെ ദുരിതത്തിലായിപ്പോയ തെരുവുകച്ചവടക്കാരും ഇതേ ചിന്തയില്‍ തന്നെയാണ്
 

video of automatic pani puri vending machine
Author
Chhattisgarh, First Published Sep 16, 2020, 3:22 PM IST

കൊറോണക്കാലത്ത് ഭക്ഷണപ്രേമികള്‍ ഏറ്റവുമധികം 'മിസ്' ചെയ്തിരുന്നത് 'സ്ട്രീറ്റ് ഫുഡ്' ആണെന്നത് നിസംശയം പറയാവുന്ന ഒന്നാണ്. സമൂഹമാധ്യമങ്ങളിലൂടെ ലോക്ഡൗണ്‍ സമയത്ത് ഏറ്റവുമധികം പേര്‍ ചര്‍ച്ച ചെയ്ത ഒരു വിഷയവും തെരുവിലെ രുചിക്കൂട്ടുകളെ നഷ്ടപ്പെടുന്ന വിഷമമായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ പുതിയ സാഹചര്യങ്ങളോട് ഇണങ്ങിക്കൊണ്ട് തന്നെ സാധാരണജീവിതം നയിക്കാന്‍ കഴിയുമോയെന്നതാണ് ഏവരും പരീക്ഷിക്കുന്നത്. 

മാസങ്ങളോളം കച്ചവടമില്ലാതെ ദുരിതത്തിലായിപ്പോയ തെരുവുകച്ചവടക്കാരും ഇതേ ചിന്തയില്‍ തന്നെയാണ്. സാമൂഹികാകലം പാലിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നതിനാല്‍ മിക്കവരും ഇപ്പോഴും 'സ്ട്രീറ്റ് ഫുഡ്' തേടി തെരുവോരങ്ങളിലേക്ക് എത്തുന്നില്ല. പാഴ്‌സല്‍ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാകാത്ത പാനി പൂരി, ഗോള്‍ഗപ്പ, ദഹി പൂരി തുടങ്ങിയ 'സ്ട്രീറ്റ്' വിഭവങ്ങള്‍ 'ഇന്‍സ്റ്റന്റ്' ആയി കഴിക്കേണ്ടുന്നവയുമാണ്.

അപ്പോള്‍പ്പിന്നെ ആകെയുള്ള മാര്‍ഗം, പുതിയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ഇവയെല്ലാം കച്ചവടം ചെയ്യണം. അതെ, ആ തീരുമാനത്തിലേക്ക് തന്നെയാണ് കച്ചവടക്കാര്‍ എത്തുന്നത്. അതിന് തെളിവാണ് ഛത്തീസ്ഗഢിലെ ഒരു തെരുവില്‍ നിന്നുമുള്ള ഈ കാഴ്ച.

 

 

അങ്ങനെ പാനി പൂരിക്കും വെന്‍ഡിംഗ് മെഷീനായി. വില്‍പനക്കാരനും ഉപഭോക്താവും തമ്മില്‍ ആവശ്യത്തിന് അകലം പാലിക്കാം. ആവശ്യക്കാര്‍ക്ക് ഇഷ്ടം പോലെ ചട്ണികളും വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള പാനീയങ്ങളും നേരിട്ട് വെന്‍ഡിംഗ് മെഷീനില്‍ നിന്ന് വാങ്ങാം. സെന്‍സര്‍ വച്ചാണ് ഈ മെഷീന്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സ്പര്‍ശനവും ഒഴിവാകുന്നു. ആളുകള്‍ പരസ്പരം അകലം പാലിക്കുക കൂടി ചെയ്താല്‍ തീര്‍ത്തും സുരക്ഷിതമായി 'സ്ട്രീറ്റ് ഫുഡ്' കഴിക്കാവുന്ന സാഹചര്യം. 

ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ഛത്തീസ്ഗഢിലെ ഈ 'ന്യൂ നോര്‍മല്‍' പാനി പൂരി കടയില്‍ നിന്നുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേര്‍ അഭിനന്ദനങ്ങളറിയിച്ച് കമന്റുകളുമിടുന്നു. എന്തുകൊണ്ടും മാതൃകാപരമായ ആശയം എന്നുതന്നെയാണ് ഏവരും അഭിപ്രായപ്പെടുന്നത്.

Also Read:- 'അദ്ദേഹത്തെ മറക്കാനാകില്ല'; കൊവിഡ് ബാധിച്ച് മരിച്ച തെരുവുകച്ചവടക്കാരന്റെ കുടുംബത്തിന് താങ്ങായി നാട്ടുകാർ...

Follow Us:
Download App:
  • android
  • ios