കൊവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് എവിടെയും. വിറ്റാമിന്‍ സിക്ക് പുറമേ മറ്റ് ചില വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പലതരം ഭക്ഷണങ്ങളേക്കുറിച്ച് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ട്. 

ഇപ്പോഴിതാ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് എഫ്എസ്എസ്എഐ ട്വിറ്ററിലൂടെ കുറിക്കുന്നത്.  ഒപ്പം വിറ്റാമിന്‍ എ അടങ്ങിയ ചില ഭക്ഷണങ്ങളെയും പരിചയപ്പെടുത്തുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

വിറ്റാമിന്‍ എയും സിയും ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ആണ് ഈ പട്ടികയിലെ ഒന്നാമന്‍. പോഷകങ്ങളും നാരുകളും നിറഞ്ഞതാണ് മധുരക്കിഴങ്ങ്. അമിതവണ്ണം, കൊളസ്‌ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്. ബീറ്റാകരോട്ടിനും അടങ്ങിയ ഇവ പ്രതിരോധശേഷിക്ക് നല്ലതാണെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. 

രണ്ട്...

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും  സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി, സി എന്നിവ ധാരാളം അടങ്ങിയ പപ്പായയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. പപ്പായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ദഹനേന്ദ്രിയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. മലബന്ധം കുറയ്ക്കാനും പപ്പായ സഹായിക്കും. 

മൂന്ന്...

വിറ്റാമിന്‍ എ, സി, കെ, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ തക്കാളിയാണ് ഈ പട്ടികയിലെ മൂന്നാമന്‍. പ്രതിരോധിശേഷി വര്‍ധിപ്പിക്കാനും  രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തക്കാളി കഴിക്കുന്നത് നല്ലതാണ്. 

നാല്...

വിറ്റാമിന്‍ എയുടെ കലവറയാണ് കാരറ്റ്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. നാരുകളാല്‍ സമ്പുഷ്ടമായ കാരറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും  സഹായിക്കും.

അഞ്ച്...

വിറ്റാമിന്‍ എ, ഇ, സി, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ മാമ്പഴമാണ് അടുത്തത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും വളരെ നല്ലതാണ് മാങ്ങ.  ദഹനത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മാമ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

പച്ചിലക്കറികളുടെ ഗുണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വിറ്റാമിന്‍ എ മാത്രമല്ല, സി, ഇ, നാരുകള്‍, വിറ്റാമിന്‍ ബി 6, മഗ്നീഷ്യം എന്നിവ അടങ്ങിയ ചീര പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒപ്പം ഇവ കണ്ണിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. 

 

Also Read: പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിന്‍ ബി അടങ്ങിയ ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കാം...