കൊവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തീരുന്നില്ല.  വിറ്റാമിന്‍ സി-ക്ക് പുറമേ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശേഷി  കൂട്ടാന്‍ സഹായിക്കുമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിര്‍ദ്ദേശിക്കുന്നത്. 

നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് എഫ്എസ്എസ്എഐ ട്വിറ്ററിലൂടെ പങ്കുവച്ചത്. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിനും നല്ലതാണ്. എഫ്എസ്എസ്എഐ പങ്കുവച്ച ആറ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വാൾനട്ട്. വാൾനട്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കണമെന്നാണ് എഫ്എസ്എസ്എഐ  പറയുന്നത്.  വാൾനട്ട് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. ഒപ്പം രക്തസമ്മർദ്ദം കുറയ്ക്കാനും  ഇവ സഹായിക്കും. 

രണ്ട്...

ഫിംഗർ മില്ലറ്റ് എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്. നല്ല അളവിൽ കാത്സ്യം ലഭിക്കുന്ന പാൽ ഇതര വിഭവങ്ങളിൽ ഒന്നാണ് റാഗി. 100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഒപ്പം ഒരു കപ്പ് റാഗി പൊടി ഏകദേശം 10 ഗ്രാം പ്രോട്ടീൻ നൽകുന്നു. ഒരു കപ്പ് റാഗി പൊടിയിൽ 16.1 ഗ്രാം നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്. റാഗിയിൽ ഇരുമ്പ് സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ  ഈ ധാന്യത്തിന്റെ മുളപ്പിച്ച പതിപ്പിൽ കൂടുതൽ വിറ്റാമിൻ സി ഉള്ളതിനാൽ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. 

മൂന്ന്...

കാര്‍ബോഹൈട്രേറ്റും ഫൈബറും പ്രോട്ടീനും വിറ്റാമിന്‍ ബിയും ഫോസ്ഫറസും ധാരാളം അടങ്ങിയ തുവരപ്പരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ  സഹായിക്കും. 

നാല്...

ധാരാളം പ്രോട്ടീനും ഫാറ്റും വിറ്റാമിനുകളും മിനറലുകളുമുള്ള നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പല പഠനങ്ങളും തെളിയിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ ഉത്തമമാണെന്നാണ്. 

അഞ്ച്...

ആന്‍റിഓക്സിഡന്‍റുകളും പ്രോട്ടീനും ധാരാളം അടങ്ങിയ പഴം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം പ്രത്യേകിച്ച് വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതാണ്. പഴം കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ആറ്...

ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12 എന്നിവ ധാരാളം അടങ്ങിയ ഗോതമ്പുപൊടിയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവ വിളര്‍ച്ചയെ തടയാനും സഹായിക്കും. 

 

Also Read: കൊവിഡ്; പ്രതിരോധശേഷി കൂട്ടാന്‍ ഈ ആറ് ഭക്ഷണങ്ങള്‍ സഹായിക്കും...