ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് പലതരം ആരോഗ്യഗുണങ്ങളുണ്ടെന്ന് നമ്മള്‍ കേട്ടിരിക്കും. വണ്ണം കുറയ്ക്കാനും, ബുദ്ധിയുടെ പ്രവര്‍ത്തനത്തിനും, പ്രമേഹം നിയന്ത്രിക്കാനും, കൊഴുപ്പ് എരിച്ചുകളയാനും, ഹൃദയാരോഗ്യത്തിനും, പക്ഷാഘാതം ചെറുക്കാനും, ചര്‍മ്മസൗന്ദര്യത്തിനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടാറുണ്ട്. 

ഇതെല്ലാം കേട്ട് ഓടിപ്പോയി ഒരു പാക്കറ്റ് ഗ്രീന്‍ ടീ വാങ്ങിച്ചുകൊണ്ടുവന്ന് ദിവസവും അതുതന്നെ കഴിക്കുന്നവരും നിരവധിയാണ്. തീര്‍ച്ചയായും ഗ്രീന്‍ ടീ കഴിക്കുന്നത് നല്ലത് തന്നെ. പക്ഷേ, ഇതിന് ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. അതനുസരിച്ച് കഴിച്ചില്ലെങ്കില്‍ വലിയ ഗുണമൊന്നും ഉണ്ടായേക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

ചായയാണെങ്കിലും കാപ്പിയാണെങ്കിലും അത്, രാവിലെ എഴുന്നേറ്റയുടന്‍ കഴിക്കുന്ന ശീലം നല്ലതല്ലെന്ന് കേട്ടിട്ടില്ലേ? ഇക്കാര്യം ട്രീന്‍ ടീയുടെ കാര്യത്തിലും ബാധകമായേക്കുമെന്നാണ് വിദഗ്‌ധോപദേശം. എല്ലാവരിലും ഒരുപോലെ പ്രശ്‌നമുണ്ടാക്കില്ല. എങ്കിലും ചിലരിലെങ്കിലും ഇത് അസിഡിറ്റിക്ക് കാരണമാക്കുമത്രേ. അതിനാല്‍ എഴുന്നേറ്റയുടന്‍ നിര്‍ബന്ധമായും ഒരു ഗ്ലാസ് വെള്ളം തന്നെ കുടിക്കുക. തുടര്‍ന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ ശേഷം ചായ കഴിക്കുന്നതാണ് ഉത്തമം. 

അതുപോലെ ഗ്രീന്‍ ടീ നല്ലതല്ലേ എന്നോര്‍ത്ത് ദിവസത്തില്‍ അഞ്ചാറ് തവണ കഴിച്ചാലോ? അത് അത്ര ആരോഗ്യകരമല്ലെന്ന് അറിയുക. പരമാവധി മൂന്ന് കപ്പ് വരെയെല്ലാം കഴിക്കാം. അതിലധികമായാല്‍ ഗുണങ്ങളുണ്ടാകില്ലെന്ന് മാത്രമല്ല, ഒരുപക്ഷേ വിപരീതഫലമുണ്ടാകാനും മതിയത്രേ. 

ഇനി, വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ ടീ കഴിക്കുന്നതെങ്കില്‍, ഒരു കാരണവശാലും ഇതില്‍ പഞ്ചസാര ചേര്‍ക്കരുത്. പഞ്ചസാര ചേര്‍ത്ത് ഗ്രീന്‍ ടീ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായകമാകില്ല. പഞ്ചസാരയ്ക്ക് പകരം ഡേറ്റ്‌സ് സിറപ്പോ, തേനോ, കരിപ്പെട്ടിയോ ഒക്കെ ചേര്‍ക്കാവുന്നതാണ്. 

ഭക്ഷണശേഷം ചായ കുടിക്കുന്നതാണ് നല്ലതെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. അസിഡിറ്റിയുണ്ടാകാതിരിക്കാനാണ് ഈ മുന്നൊരുക്കം. അതില്‍ ഒരു കാര്യം കൂടി ഓര്‍മ്മ വയ്ക്കുക. അതായത് ഭക്ഷണം കഴിച്ച് അര മണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ കഴിഞ്ഞ ശേഷമേ സത്യത്തില്‍ ചായ കുടിക്കാന്‍ പാടുള്ളുവത്രേ. 

അത്ര സൂക്ഷ്മമായി ഡയറ്റ് സൂക്ഷിക്കുന്നവരെ സംബന്ധിച്ചേ ഇത് ശ്രദ്ധിക്കേണ്ടതുള്ളൂ. കാരണം, ഭക്ഷണം കഴിഞ്ഞയുടന്‍ ചായ കുടിച്ചു എന്നത് കൊണ്ട് പെട്ടെന്ന് എന്തെങ്കിലും ഗുരുതരമായ വിഷമതകളൊന്നും ശരീരത്തിനുണ്ടാകില്ല. എങ്കിലും ഇതെല്ലാം നമ്മുടെ ഓരോ ദിവസത്തേയും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ചെറിയ രീതിയിലെങ്കിലും സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ്. ഇത്തരത്തില്‍ നൂറുനൂറ് ചെറിയ കാര്യങ്ങളാണ് നമ്മുടെ ആകെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നതെന്നും മനസിലാക്കുക.