ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. 

അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി പല വഴികളും പരീക്ഷിച്ചു മടുത്തവരുണ്ടാകും. വണ്ണം കുറയ്ക്കുക എന്നതു അത്ര എളുപ്പമല്ല. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അതുപോലെ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം. 

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ രാത്രികാലങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ചോറ് രാത്രി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ദിവസവും ഒരു നേരം മാത്രമേ ചോറ് കഴിക്കാവൂ. കാർബോഹൈഡ്രേറ്റിനാൽ സംപുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും.വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കാന്‍ ശ്രമിക്കുക. 

രണ്ട്...

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുന്നവയാണ്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ ഇവ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ റെഡ് മീറ്റ് രാത്രി കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

മൂന്ന്...

കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങളും രാത്രിയിൽ വേണ്ട. ഇവ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. വണ്ണം വയ്ക്കാനുള്ള സാധ്യതയും കൂട്ടാം. 

നാല്...

മിഠായികളും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. വണ്ണം കൂടാനും കാരണമാകും. ഐസ്ക്രീമും രാത്രി ഒഴിവാക്കേണ്ടതാണ്. ഐസ്ക്രീമിലെ പഞ്ചസാരയും കലോറിയും ശരീരഭാരം കുറയ്ക്കുന്നതിനെ തടയും.

അഞ്ച്...

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ രാത്രി പൂർണമായും ഒഴിവാക്കണം. ഇവ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകാറുണ്ട്. 

ആറ്....

ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. 

ഏഴ്...

ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ രാത്രിയിൽ ചീസ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. 

എട്ട്...

രാത്രി പിസ കഴിക്കുന്ന ശീലവും ഉപേക്ഷിക്കുക. കാർബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയ പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് കൂട്ടാന്‍ കാരണമാകും. 

Also Read:തിളങ്ങുന്ന ചർമ്മത്തിനായി കുടിക്കാം ഈ ആറ് ജ്യൂസുകള്‍...