ഊർജ്ജത്തിന് കാർബോഹൈഡ്രേറ്റുകൾ പ്രധാനമാണെങ്കിലും അമിതമായ അളവിൽ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

നമ്മുടെയൊക്കെ വീടുകളില്‍ രാവിലെ തയ്യാറാക്കുന്ന അപ്പം മുതല്‍ ചോറ് വരെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഊർജ്ജത്തിന് കാർബോഹൈഡ്രേറ്റുകൾ പ്രധാനമാണെങ്കിലും അമിതമായ അളവിൽ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാല്‍ ശരീരത്തിന് എന്ത് സംഭവിക്കും?

1. നിങ്ങൾക്ക് നിരന്തരം വിശപ്പ് അനുഭവപ്പെടാം

ചോറ്, ബ്രെഡ് പോലുള്ള ലളിതമായ കാർബോഹൈഡ്രേറ്റുകൾ വേഗത്തിൽ ദഹിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും, തുടർന്ന് പെട്ടെന്ന് വിശക്കാനും ഇടയാക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

2. നിങ്ങളുടെ ഊര്‍ജം കുറഞ്ഞുകൊണ്ടേയിരിക്കും

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പെട്ടെന്ന് ഊര്‍ജം തോന്നുമെങ്കിലും, അവ പെട്ടെന്ന് അണയുകയും നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷീണം തോന്നുകയും ചെയ്യും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വളരെ വേഗത്തിൽ കുതിച്ചുയരുകയും കുറയുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ഊർജ്ജം കുറയുന്നു.

3. പെട്ടെന്ന് ശരീരഭാരം കൂടാം

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് പെട്ടെന്ന് ശരീരഭാരം കൂട്ടൂം. ഈ കാര്‍ബോ കൊഴുപ്പായി ശരീരത്തില്‍ അടിയുകയും കുടവയറിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

4. ബ്ലഡ് ഷുഗര്‍ കൂടും

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഇത് കാരണമാകും.

5. ചര്‍മ്മ പ്രശ്നങ്ങള്‍

സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കുന്നത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ഹോർമോണുകളെ ബാധിക്കുകയും മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

6. മാനസികാവസ്ഥയിലെ മാറ്റങ്ങള്‍

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തകരാറിലാക്കുക മാത്രമല്ല, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉത്കണ്ഠ, ദേഷ്യം എന്നിവയ്ക്കും കാരണമാകും. അതിനാല്‍ ഡയറ്റില്‍ നിന്നും കാർബോഹൈഡ്രേറ്റുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.