Asianet News MalayalamAsianet News Malayalam

അരിയാഹാരം അമിതമാകരുത്; ഈ രോഗം പിന്നാലെയുണ്ട്...

21 രാജ്യങ്ങളിലായി 1,32,373 പേരിലാണ് ഈ പഠനം നടത്തിയത്. 35നും 70 വയസ്സിനുമിടയിലുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്.

White Rice May Increase Diabetes Risk
Author
Thiruvananthapuram, First Published Sep 8, 2020, 2:43 PM IST

ചോറും പല തരം കറികളും ഉൾപ്പെടുന്ന ഭക്ഷണരീതി ഉപേക്ഷിക്കുന്നത് മലയാളിക്ക് ചിന്തിക്കാൻ പോലുമാകില്ല. ദിവസത്തിൽ മൂന്ന് നേരവും ചോറുണ്ണാൻ സാധിച്ചാൽ അതിൽ പരം സന്തോഷം വേറെയില്ല. എന്നാല്‍  വെളുത്ത അരി അമിതമായി ഭക്ഷിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പല പഠനങ്ങളും  സൂചിപ്പിക്കുന്നത്.  

അരിയാഹാരം അമിതവണ്ണം മാത്രമല്ല പ്രമേഹസാധ്യതയും ഉണ്ടാകാം. ഇക്കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് പുതിയൊരു പഠനം. 21 രാജ്യങ്ങളിലായി 1,32,373 പേരിലാണ് ഈ പഠനം നടത്തിയത്.  വെള്ള അരിയും പ്രമേഹവും തമ്മിലെ ബന്ധം വ്യക്തമാക്കുന്നതാണ് പുതിയ പഠനമെന്ന് ഡയബെറ്റിസ് കെയര്‍ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. വെള്ള അരി അധികമായി കഴിക്കുന്നവരിൽ പ്രമേഹം വരാനുള്ള സാധ്യത ബാക്കിയുള്ളവരെയപേക്ഷിച്ച് കൂടുതലാണെന്നും പഠനം പറയുന്നു. 

അരിയാഹാരം അമിതമായി ഉപയോഗിക്കുന്നത് സൗത്ത് ഏഷ്യയിലാണെന്നും ഈ പഠനം പറയുന്നു. ഇന്ത്യ,  ചൈന, ബ്രസീല്‍, നോര്‍ത്ത്-സൗത്ത് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകർ പഠനത്തില്‍ പങ്കാളികളായി. 35നും 70 വയസ്സിനുമിടയിലുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്.

2012-ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലും അരിയാഹാരം അമിതമായി ഭക്ഷിച്ചാല്‍ അത് പ്രമേഹത്തിന് കാരണമാകുമെന്ന് പറയുന്നുണ്ട്. അളവിൽ കൂടുതൽ കഴിക്കുന്ന ഈ അരിയാഹാരം വയറ്റിലെത്തി ഗ്ലൂക്കോസായി മാറുന്നു. ഇത് രക്തത്തിലേക്ക് കടക്കുകയും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

അങ്ങനെയാണ് പ്രമേഹസാധ്യതയും ഇത്തരക്കാരില്‍ കൂടുന്നത്. അരിയാഹാരത്തിന്‍റെ ഉപയോഗം കുറയ്ക്കുക, വെള്ള അരിക്ക് പകരം തവിടോട് കൂടിയ അരി തെരഞ്ഞെടുക്കുക, പയറുവർഗങ്ങളും പച്ചക്കറികളും വർധിപ്പിക്കുക തുടങ്ങിയവായണ് പരിഹാരമായി ചെയ്യാവുന്നത്. 

Also Read: പ്രമേഹരോഗികള്‍ ഉച്ചയൂണിന് ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios