നാം ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക സുഗന്ധവ്യജ്ഞനങ്ങള്‍ക്കും പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ആയൂര്‍വേദം പറയുന്നത്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ചില സുഗന്ധവ്യജ്ഞനങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നവംബര്‍ 14- നാണ് ലോക പ്രമേഹ ദിനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

നാം ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക സുഗന്ധവ്യജ്ഞനങ്ങള്‍ക്കും പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ആയൂര്‍വേദം പറയുന്നത്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ചില സുഗന്ധവ്യജ്ഞനങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം...

ഒന്ന്...

കറുവപ്പട്ട ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താന്‍ ഇവ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും ഇവ സഹായിക്കും.

രണ്ട്...

ഉലുവയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. വിശപ്പിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും. 

മൂന്ന്...

ഫൈബറുകളും ലോ ഡൈജസ്റ്റീവ് കാര്‍ബോഹൈഡ്രേറ്റ്സും അടങ്ങിയ ചിയ, ഫ്ളാക്സ് വിത്തുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. 

നാല്...

നമ്മള്‍ ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

അഞ്ച്...

മഞ്ഞളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

Also Read: കുട്ടികള്‍ക്ക് റാഗി ഇങ്ങനെ കൊടുക്കാം; അറിയാം ഗുണങ്ങള്‍...