ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവബോധം ഏറുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ സംഭരണം, പാചകം എന്നിവയെക്കുറിച്ച് പല തെറ്റായ ധാരണകളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
ഭക്ഷണം ഉത്പാദിപ്പിക്കുന്നത് മുതൽ അത് മേശപ്പുറത്ത് എത്തുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് രോഗങ്ങൾ തടയുന്നതിന് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവബോധം ഏറുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ സംഭരണം, പാചകം എന്നിവയെക്കുറിച്ച് പല തെറ്റായ ധാരണകളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എല്ലാ വർഷവും ജൂൺ 7നാണ് ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നത്. സുരക്ഷിതമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഭക്ഷണം കേടായോ എന്ന് മണത്തോ, നോക്കിയോ അറിയാൻ സാധിക്കുമോ?
ഇല്ല. നമുക്ക് അസുഖം വരുത്തുന്ന ഭൂരിഭാഗം സൂക്ഷ്മാണുക്കളും ഭക്ഷണത്തിന്റെ മണത്തിലോ ലുക്കിലോ യാതൊരു മാറ്റവും വരുത്താറില്ല. അതിനാൽ കാഴ്ചയെയും മണത്തെയും മാത്രം ആശ്രയിച്ച് ഇത് വിലയിരുത്തരുത്.
ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതുണ്ടോ?
അതെ. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ റൂം ടെമ്പറേച്ചറിൽ വെച്ചാൽ അത് കഴിക്കാൻ അനുയോജ്യമല്ലാതായി മാറും. ബാക്കിവന്ന ഭക്ഷണം വായുകടക്കാത്ത പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ വെക്കുകയും 3 ദിവസത്തിനകം ഉപയോഗിക്കുകയും വേണം.
നിലത്തു വീണ ഭക്ഷണം ഉടനെ എടുത്താൽ കഴിക്കാമോ?
ഇല്ല. '5-സെക്കൻഡ് റൂൾ' എന്നത് വെറുമൊരു മിഥ്യ മാത്രമാണ്. നിലത്തു വീഴുന്ന നിമിഷം തന്നെ സൂക്ഷ്മാണുക്കൾക്ക് ഭക്ഷണത്തിലേക്ക് പടരാൻ സാധിക്കും. എത്ര വേഗത്തിൽ എടുത്താലും അത് സുരക്ഷിതമാണെന്ന് പറയാനാവില്ല.
പാത്രം തുടയ്ക്കുന്ന തുണികൾ വഴി രോഗാണുക്കൾ പടരുമോ?
തീർച്ചയായും പടരും. അടുക്കളയിൽ ഉപയോഗിക്കുന്ന തുണികളും സ്പോഞ്ചുകളും അപകടകരമായ ബാക്ടീരിയകളുടെ പ്രധാന ഉറവിടങ്ങളാണ്. ഇവ ഉപയോഗിച്ച് സ്ലാബുകൾ തുടയ്ക്കുമ്പോഴും പാത്രങ്ങളോ കൈകളോ ഉണക്കുമ്പോഴും രോഗാണുക്കൾ അടുക്കളയിലാകെ പടരാൻ സാധ്യതയുണ്ട്.
ഇറച്ചി പാകം ചെയ്യുന്നതിന് മുൻപ് കഴുകേണ്ടതുണ്ടോ?
ഇല്ല. പച്ചയിറച്ചി കഴുകുമ്പോൾ അതിലെ ദോഷകരമായ സൂക്ഷ്മാണുക്കൾ വെള്ളത്തിലൂടെ നമ്മുടെ കൈകളിലേക്കും പാത്രങ്ങളിലേക്കും അടുക്കളയിലെ മറ്റ് പ്രതലങ്ങളിലേക്കും പടരുകയാണ് ചെയ്യുന്നത്.
ദിവസങ്ങൾക്ക് മുൻപ് കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകുമോ?
അതെ. ചില ബാക്ടീരിയകളോ വൈറസുകളോ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണിക്കാൻ ഏതാനും മണിക്കൂറുകൾ മുതൽ ആഴ്ചകൾ വരെ എടുത്തേക്കാം. അതിനാൽ കുറച്ചു ദിവസം മുൻപ് കഴിച്ച മോശം ഭക്ഷണവും ഭക്ഷ്യവിഷബാധ ഉണ്ടാവാൻ കാരണമാകാം.
ശ്രദ്ധിക്കേണ്ടത്
അടുക്കളയിലെ ചെറിയ അശ്രദ്ധകൾ പോലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യലിൽ ശുചിത്വം പാലിക്കുക എന്നതാണ് ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.


