ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉത്പാദനവും ഉപഭോഗവും ജനജീവിതത്തില്‍ ഒരേ സമയം ഉടനടിയുള്ള മാറ്റവും ദീര്‍ഘകാലം കടന്നുള്ള മാറ്റവും കൊണ്ടുവരുമെന്നാണ് ലോകാരോഗ്യ സംഘടന വാദിക്കുന്നത്. സമ്പദ്ഘടനയെയും ഭൂമിയുടെ ആകെ നിലനില്‍പിനെ പോലും ഇത് സ്വാധീനിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു

ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളെ തടയാനും അതെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂണ്‍ ഏഴ് ലോക ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുന്നത്. 'ആരോഗ്യകരമായ നാളേക്ക് സുരക്ഷിതമായ ഭക്ഷണം ഇന്ന്' എന്നതാണ് ഇക്കുറി ഭക്ഷ്യ സുരക്ഷാദിനത്തിന്റെ മുദ്രാവാക്യം. 

അതായത്, ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉത്പാദനവും ഉപഭോഗവും ജനജീവിതത്തില്‍ ഒരേ സമയം ഉടനടിയുള്ള മാറ്റവും ദീര്‍ഘകാലം കടന്നുള്ള മാറ്റവും കൊണ്ടുവരുമെന്നാണ് ലോകാരോഗ്യ സംഘടന വാദിക്കുന്നത്. സമ്പദ്ഘടനയെയും ഭൂമിയുടെ ആകെ നിലനില്‍പിനെ പോലും ഇത് സ്വാധീനിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനെ തുടര്‍ന്ന് അസുഖബാധിതരായി ഓരോ വര്‍ഷവും ഏതാണ്ട് 4,20,000ഓളം പേര്‍ക്ക് ആഗോളതലത്തില്‍ തന്നെ മരിക്കുന്നതായാണ് കണക്ക്. ബാക്ടീരിയ, വൈറസ്, പാരസൈറ്റ് മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാമാണ് സാധാരണഗതിയില്‍ ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കള്‍. ഇവയെല്ലാം വിവിധ രോഗങ്ങളിലേക്ക് ആളുകളെ നയിക്കുന്നു. 

അനാരോഗ്യകരമായ ഭക്ഷണം ആരോഗ്യത്തെ മാത്രമല്ല തകര്‍ക്കുന്നത്, മറിച്ച് അത് ആരോഗ്യമേഖലയെയും തൊഴില്‍ മേഖലയെയും സമ്പദ് മേഖലയെയുമെല്ലാം ഒരുപോലെ ബാധിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന, 2020ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി നമുക്ക് നമ്മുടെ ചുറ്റുപാടുകളില്‍ ചിലത് ചെയ്യാന്‍ സാധ്യമാണ്. അത്തരത്തിലുള്ള ചിലത്...

ശുചിത്വമാണ് പ്രധാനം...

ശുചിത്വമാണ് ഭക്ഷണകാര്യങ്ങളില്‍ നാം ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അടുക്കളയും, അടുക്കളയിലെ ഉപകരണങ്ങളും, പാത്രങ്ങളുമെല്ലാം അതത് സമയങ്ങളില്‍ വൃത്തിയാക്കി വയ്ക്കുക. പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികള്‍- പഴങ്ങള്‍ എന്നിവയെല്ലാം നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക. പാക്കേജ്ഡ് ഭക്ഷണങ്ങളാണെങ്കില്‍ അവ തുറക്കുന്നതിന് മുമ്പായി കഴുകുക. ഇത്തരത്തില്‍ ശുചിത്വം എപ്പോഴും ശീലമാക്കുക. 

പാകം ചെയ്യാത്ത ഭക്ഷണങ്ങള്‍ മാറ്റിവയ്ക്കാം...

മത്സ്യ- മാംസാഹാരങ്ങള്‍ കഴിക്കുന്നവരാണ് പ്രധാനമായും ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. പാകം ചെയ്യാത്ത മത്സ്യ-മാംസാഹാരങ്ങള്‍ പലപ്പോഴും രോഗാണുക്കളെ പരത്തിയേക്കാം. അതിനാല്‍ മാംസം, മുട്ട, മത്സ്യം, സീ ഫുഡ് എന്നിങ്ങനെ ഉള്ളവയെല്ലാം പാകം ചെയ്യുന്നതിന് മുമ്പ് മാറ്റിവയ്ക്കുക. ഇവയെല്ലാം വൃത്തിയാക്കി മുറിക്കുന്നതിനായി പ്രത്യേക കട്ടിംഗ് ബോര്‍ഡുകളും ഉപയോഗിക്കേണ്ടതുണ്ട്.

പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക...

ഭക്ഷണം നന്നായി പാകം ചെയ്ത ശേഷം കഴിക്കുക. ഇതും മത്സ്യ-മാംസാഹാരങ്ങള്‍ കഴിക്കുന്നവരാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. നന്നായി പാകം ചെയ്യാത്ത ആഹാരങ്ങളിലൂടെയും നേരത്തെ സൂചിപ്പിച്ചത് പോലെ രോഗാണുക്കള്‍ ശരീരത്തിലേക്കെത്താം. നിസാരമായത് മുതല്‍ ഗൗരവമുള്ള ഭക്ഷ്യവിഷബാധ വരെ നേരാംവണ്ണം പാകം ചെയ്യാത്ത ഭക്ഷണം ഉണ്ടാക്കാം. 

രോഗബാധിതരാകുമ്പോള്‍...

ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചിരിക്കുന്ന സാഹചര്യങ്ങളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇത്തരം സമയങ്ങളില്‍ ശരീരം ദുര്‍ബലമായിരിക്കുന്നതിനാല്‍ രോഗാണുക്കള്‍ക്ക് പ്രവേശിക്കാന്‍ അനുകൂലമായ സാഹചര്യമുണ്ടാകുന്നു.

അതിനാല്‍ രോഗബാധിതരാകുമ്പോള്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് മാറ്റിവയ്ക്കുന്നതാണ് ഉചിതം. 

ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്...

ഭക്ഷണം പാകം ചെയ്തുകഴിഞ്ഞ് സൂക്ഷിക്കാനുള്ളതാണെങ്കില്‍ രണ്ട് മണിക്കൂറിനകം തന്നെ ഫ്രിഡ്ജിലേക്കോ ഫ്രീസറിലേക്കോ മാറ്റുക. അതുപോലെ പുറത്തുനിന്ന് വാങ്ങിയ ഭക്ഷണസാധനങ്ങളും ഉടനെ തന്നെ ഫ്രിഡ്ജിനകത്തേക്ക് മാറ്റുക. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥകളില്‍ ഭക്ഷണം പുറത്ത് സൂക്ഷിക്കാതിരിക്കുക.

Also Read:- 'ഭക്ഷണം പാഴാക്കരുതേ...'; ഇന്ന് ലോക ഭക്ഷ്യസുരക്ഷ ദിനം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.