ലോക്ഡൗണ്‍ ആയതോടെ മുമ്പ് പലപ്പോഴും കഴിക്കാന്‍ താല്‍പര്യപ്പെടാതിരുന്ന പല ഭക്ഷണസാധനങ്ങളും ആളുകള്‍ ആര്‍ത്തിയോടെ കഴിച്ചുതുടങ്ങിയിട്ടുണ്ട്. കിട്ടുന്നതെല്ലാം മുതല്‍ക്കൂട്ടാണ് എന്ന മനോഭാവമാണ് ഭക്ഷണത്തിന്റെ കാര്യത്തില്‍ ആളുകള്‍ക്കുള്ളതെന്ന് തോന്നിപ്പോകും. മറ്റൊന്നുമല്ല, ഇഷ്ടവിഭവങ്ങളുടേയും സാധനങ്ങളുടേയും ലഭ്യത കുത്തനെ കുറഞ്ഞതോടെയാണ് ഈ വലിയ മാറ്റം കണ്ടുതുടങ്ങിയത്. 

അങ്ങനെ, മുമ്പ് വാങ്ങിക്കൊണ്ടുവച്ച ശേഷം ഉപയോഗിക്കാതിരുന്ന പലതും ഇപ്പോള്‍ പാചകത്തിനായി എടുക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. അത്തരമൊരു രസകരമായ സംഭവമാണ് മൈക്കല്‍ പാട്രിക് എന്ന ട്വിറ്റര്‍ ഉപഭോക്താവ് പങ്കുവയ്ക്കുന്നത്. 

തന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിക്കൊണ്ടുവന്ന് ഫ്രീസറില്‍ സൂക്ഷിച്ചുവച്ചിരുന്ന ഒരു 'പഫ് പേസ്ട്രി' ഈ ലോക്ഡൗണ്‍ ദിനങ്ങളില്‍ കണ്ടെത്തിയെന്നായിരുന്നു മൈക്കലിന്റെ ട്വീറ്റ്. എക്‌സ്‌പെയറി തീയ്യതി മാര്‍ച്ച് 1995 എന്ന് രേഖപ്പെടുത്തിയ പാക്കറ്റിന്റെ ചിത്രവും കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

 

 

മാവിനകത്ത് ഉപ്പും, ബട്ടറോ മറ്റെന്തെങ്കിലും ഫാറ്റോ വച്ച് മടക്കുകളാക്കിയുണ്ടാക്കുന്നതാണ് 'പഫ് പേസ്ട്രി'. വളരെ രുചികരമായ ഒരു 'സ്‌നാക്ക്' ആണിത്. എന്നാല്‍ സ്വാഭാവികമായും ദിവസങ്ങള്‍ കഴിയുമ്പോഴേക്ക് ഇത് ചീത്തയായിപ്പോവുകയും ചെയ്യും. 

മൈക്കലിന്റെ ട്വീറ്റിലുള്ള 'പഫ് പേസ്ട്രി'യാണെങ്കില്‍ 25 വര്‍ഷം പഴകിയതാണെന്നാണ് പാക്കറ്റിലെ തീയ്യതി സൂചിപ്പിക്കുന്നത്. അത്രയും കാലം ആരും കാണാതെ ഇത് ഫ്രീസറിലിരുന്നുവെന്നത് വിശ്വസനീയമല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

ഇതിന് പുറമെ, അല്‍പസ്വല്‍പം മാറ്റമെല്ലാം വരുത്തിയ ശേഷം ഇത് തങ്ങള്‍ കഴിച്ചുവെന്ന് അവകാശപ്പെട്ട് മറ്റൊരു ട്വീറ്റ് കൂടി മൈക്കല്‍ പങ്കുവച്ചിട്ടുണ്ട്. അതും വിശ്വാസത്തിലെടുക്കാനാകില്ലെന്ന് വാദിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

 

 

ഏതായാലും '25 വര്‍ഷം പഴകിയ പഫ് പേസ്ട്രി' ട്വിറ്ററിലാകെ തരംഗമായി എന്നത് നേര് തന്നെ. ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്തമായില്ലെന്നത് മറ്റൊരു നേര്.

Also Read:- വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു സ്വീറ്റ്; 'കോക്കനട്ട് ലഡു' ഉണ്ടാക്കാം...