യോഗ്യത നേടിയ ഇറാൻ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങൾക്ക് വിസ നിഷേധിച്ചതിനെ തുടർന്ന് ഇറാൻ നറുക്കെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍. അമേരിക്കയുടെ പുതിയ വിസാ നയമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത വര്‍ഷം ജൂണ്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് വെള്ളിയാഴ്ച വാഷിംഗ്ടണില്‍. ലോകകപ്പില്‍ കളിക്കേണ്ട 48 ടീമുകളില്‍ നാല്‍പ്പത്തിരണ്ടും യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുളള ആറ് ടീമുകള്‍ പ്ലേ ഓഫിലൂടെ ലോകകപ്പിന് എത്തും.
ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ലോകകപ്പിന് യോഗ്യത നേടിയ ഇറാന്റെയും ഹെയ്തിയുടെയും പ്രതിനിധി സംഘങ്ങള്‍ക്ക് വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. നറുക്കെടുപ്പ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇറാനും നിലപാട് വ്യക്തമാക്കി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെ ഫിഫ പ്രതിസന്ധിയിലായി. കഴിഞ്ഞ ജൂണില്‍ നിലവില്‍ വന്ന അമേരിക്കയുടെ പുതിയ വിസ നിയമം അനുസരിച്ച് ഇറാനും ഹെയ്തിയും അടക്കമുളള പന്ത്രണ്ട് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനമില്ല.
കഴിഞ്ഞദിവസം ഇറാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജിന്റെ ഉള്‍പ്പെടെയുള്ള വിസ അപേക്ഷകള്‍ അമേരിക്ക നിരസിച്ചു. കോച്ച് അമിര്‍ ഗലനോയി ഉള്‍പ്പെടെ നാലു പേര്‍ക്ക് മാത്രമാണ് അമേരിക്ക വിസ അനുവദിച്ചത്. ലോകകപ്പിനെത്തുന്ന കളിക്കാര്‍ക്കും പരിശീലകര്‍ക്കും മാത്രം വിസ അനുവദിക്കൂ എന്നാണ് അമേരിക്കന്‍ നിലപാട്. ഇതില്‍ ഇളവ് നല്‍കിയാല്‍ മാത്രമേ ഇറാന്റെയും ഹെയ്തിയുടേയും പ്രതിനിധി സംഘങ്ങള്‍ക്ക് ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയൂ.

