അർജന്‍റീനയും ബ്രസീലും ഫ്രാൻസുമൊന്നുമല്ല, 2026 ലോകകപ്പ് യോഗ്യത നേടിയ ആദ്യ രാജ്യം ഏഷ്യയിൽ നിന്ന്! ജപ്പാൻ

Synopsis
യോഗ്യത റൗണ്ടിൽ ഇന്ന് ബഹ്റൈനെ 2 - 0 ന് തോൽപ്പിച്ചതോടെയാണ് ജപ്പാൻ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്
ടോക്കിയോ: 2026 ഫുട്ബോൾ ലോകകപ്പിലേക്ക് ആദ്യമായൊരു രാജ്യം യോഗ്യത നേടി. ലോക ജേതാക്കളായ അർജന്‍റീനയോ മുൻ ലോക ജേതാക്കളായ ബ്രസിലോ ഫ്രാൻസോ ഒന്നുമല്ല, 2026 ലോകകപ്പിന് യോഗ്യത നേടിയ ആദ്യ രാജ്യം. ഏഷ്യൻ രാജ്യമായ ജപ്പാനാണ് 2026 ലോകകപ്പിന് യോഗ്യത നേടിയ ആദ്യ രാജ്യം. ഏഷ്യൻ മേഖലയിൽ നിന്ന് ജപ്പാൻ നേരിട്ട് യോഗ്യത നേടി. യോഗ്യത റൗണ്ടിൽ ഇന്ന് ബഹ്റൈനെ 2 - 0 ന് തോൽപ്പിച്ചതോടെയാണ് ജപ്പാൻ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് സിയിൽ ജപ്പാൻ ഒന്നാം സ്ഥാനത്താണ്. ഏഷ്യൻ മേഖലയിൽ നിന്ന് 5 രാജ്യങ്ങൾക്കാണ് നേരിട്ട് യോഗ്യത നേടാൻ കഴിയുക. അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളാണ് 2026 ലോകകപ്പിന് വേദിയാകുന്നത്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരായ മത്സരങ്ങളിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയെന്ന് അർജന്‍റീന ടീം നായകൻ ലിയോണൽ മെസി പറഞ്ഞതാണ്. തന്‍റെ അഭാവത്തിലും ടീമിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും സഹതാരങ്ങൾക്ക് എപ്പോഴും തന്‍റെ പിന്തുണ ഉണ്ടാവുമെന്നും മെസി പറഞ്ഞു. പരിക്കുകാരണാണ് മെസിയെ അർജന്‍റൈൻ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ പ്രധാനപ്പെട്ട മത്സരങ്ങൾ നഷ്ടമായതിൽ സങ്കടമുണ്ട്. ഈമത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുനു. പക്ഷേ ചെറിയ പരിക്കേറ്റതിനാൽ വിശ്രമം അനിവാര്യമാണ്. അർജന്‍റൈൻ ആരാധകരെപ്പോലെ ടീമിന് തന്‍റെ പൂർണ പിന്തുണ ഉണ്ടാവുമെന്നും മെസി പറഞ്ഞു. മെസിക്ക് പുറമെ പൗളോ ഡിബാല, ജിയോവാനി ലോ സെൽസോ, ഗൊൺസാലോ മോണ്ടിയൽ എന്നിവരും അർജന്‍റൈൻ ടീമിൽ ഇല്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്‍റീന ശനിയാഴ്ച ഉറുഗ്വേയെയും ഇരുപത്തിയാറിന് ബ്രസീലിനേയും നേരിടും. പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങുക. ഉറുഗ്വേക്കെതിരെയുള്ളത് എവേ മത്സരവും ബ്രസീലിനെതിരെയുള്ളത് ഹോം മത്സരവുമാണ്. 85000 പേര്‍ക്കിരിക്കാവുന്ന അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള എസ്റ്റാഡിയോ മോണുമെന്‍റല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടം.ഇന്ത്യൻ സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്‍റീന-ബ്രസീല്‍ മത്സരം തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം