യുവേഫ നാഷൻസ് ലീഗ് സെമിയിൽ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ഫൈനലിലെത്തി. റൊണാൾഡോയുടെ ഗോളാണ് പോർച്ചുഗലിന് വിജയം സമ്മാനിച്ചത്.

മ്യൂണിക്: യുവേഫ നാഷൻസ് ലീഗ് സെമിയിൽ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ഫൈനലിൽ. 48ാം മിനിറ്റില്‍ ഫ്ലോറിയൻ വിറ്റ്സിന്‍റെ ഹെഡറിലൂടെ ജർമനി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഫ്രാൻസിസ്കോ കോൺസെക്കാവോ നേടിയ ഗോളിലൂടെ പോർച്ചുഗൽ സമനില പിടിച്ചു. 63-ാം മിനിറ്റിലായിരുന്നു കോണ്‍സെക്കാവോയുടെ സമനില ഗോള്‍ വന്നത്.

അഞ്ച് മിനിറ്റിനകം 68-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോര്‍ച്ചുഗല്‍ വിജയഗോളും കണ്ടെത്തി. പോർച്ചുഗൽ ജേഴ്സിയില്‍ റൊണാള്‍ഡോയുടെ 137-ാം ഗോളും കരിയറിലെ 937-ാം ഗോളുമായിരുന്നു ഇത്. ഇത് രണ്ടാം തവണയാണ് പോർച്ചുഗൽ നാഷൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. ജര്‍മനിക്കെതിരെ കാല്‍ നൂറ്റാണ്ടിനുശേഷമാണ് പോര്‍ച്ചുഗല്‍ ജയിക്കുന്നത്. 2000ത്തിലെ യൂറോ കപ്പിലായിരുന്നു പോര്‍ച്ചുഗല്‍ ഇതിന് മുമ്പ് അവസാനമായി ജര്‍മനിയെ തോല്‍പ്പിച്ചത്.

ജര്‍മനിക്കെതിരെ പോര്‍ച്ചുഗല്‍ നേടിയ ജയത്തെ ഐതിഹാസികമെന്നാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് വിശേഷിപ്പിച്ചത്. പി എസ് ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച പോര്‍ച്ചുഗല്‍ താരം വിറ്റിഞ്ഞ ബാലണ്‍ ഡി ഓര്‍ പുരസ്കാരം അര്‍ഹിക്കുന്നുവെന്നും മാര്‍ട്ടിനെസ് പറഞ്ഞു. 

നേഷൻസ് ലീഗില്‍ ഇന്നും വമ്പന്‍ പോരാട്ടം

യുവേഫ നേഷൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ ഇന്ന് രാത്രി 12.30ന് ഫ്രാൻസ് യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയ്നിനെ നേരിടും. പ്രതിഭാധനരായ താരങ്ങളാൽ സമ്പന്നരായ ഫ്രാൻസിന്‍റെയും സ്പെയിനിന്‍റെയും ലൈനപ്പിലേക്ക് നോക്കിയാൽ പ്രവചനം അസാധ്യമാണ്. കിലിയൻ എംബാപ്പേ, ഒസ്മാൻ ഡെംബലേ, ഡിസൈർ ദുവേ, കോളോ മുവാനി തുടങ്ങിയവരെ ഫ്രാൻസ് അണി നിരത്തുമ്പോൾ ലമീൻ യമാൽ, നിക്കോ വില്യംസ്, ഡാനി ഓ‍ൽമോ, പെഡ്രി, ഫാബിയൻ റൂയിസ് എന്നിവരിലൂടെയാവും സ്പെയ്നിന്‍റെ മറുപടി. ഡെംബലേയും ദുവേയും ചാമ്പ്യൻസ് ലീഗ് വിജയത്തിന്‍റെ തിളക്കവുമായാണ് ഫ്രഞ്ച് ജഴ്സിയിൽ ഇറങ്ങുന്നത്.

YouTube video player

പരിക്കേറ്റ റോഡ്രി, കാർവഹാൽ, ലപോ‍ർട്ടേ, ടോറസ് എന്നിവർ സ്പാനിഷ് നിരയിലും കാമവിംഗ, കൂണ്ടേ, സാലിബ, ഉപമെക്കാനോ എന്നിവർ ഫ്രഞ്ച് നിരയിലും ഉണ്ടാവില്ല. ഇരുടീമിന്‍റെയും പരിശീലകർക്കും തലപ്പൊക്കമേറെ. നായകനായും പരിശീലകനായും ലോകകപ്പ് നേടിയ ദിദിയെ ദെഷോം ഫ്രാൻസിന് തന്ത്രമോതുമ്പോൾ യുവനിരയുമായി സ്പെയ്നിനെ യുറോകപ്പ് ജേതാക്കളാക്കിയ പരിശീലകനാണ് ലൂയിസ് ഡി ലാ ഫ്യൂവാന്തേ.

പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇരുടീമും ക്വാർട്ടർ കടമ്പ കടന്ന സ്പെയിൻ നെതർലൻഡ്സിസിനെ മറികടന്നപ്പോൾ ഫ്രാൻസ് തോൽപിച്ചത് ക്രോയേഷ്യയെ. ഇരുടീമും നേർക്കുനേർ വരുന്ന മുപ്പത്തിയെട്ടാമത്തെ മത്സരം. സ്പെയ്ൻ പതിനേഴിലും ഫ്രാൻസ് പതിമൂന്നിലും ജയിച്ചു. ഏഴ് മത്സരം സമനിലയിൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക