ലാലിയൻസുവാല ചാംഗ്തേയും മനിഷ കല്യാണും മികച്ച പുരുഷ വനിതാ താരങ്ങളായും ആകാശ് മിശ്ര യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു

ദില്ലി: എഐഎഫ്‌എഫ് പുരസ്‌കാരങ്ങളില്‍ ഇക്കുറി മലയാളിത്തിളക്കം. ഈ വർഷത്തെ ഏറ്റവും മികച്ച പരിശീലകയ്ക്കുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പുരസ്‌കാരം മലയാളി കോച്ച് പി വി പ്രിയ സ്വന്തമാക്കി. മുൻതാരമായ പ്രിയ ഇന്ത്യൻ അണ്ടർ 17 ടീമിന്‍റെ മുഖ്യ പരിശീലകയാണ്. എഎഫ്‌സിയുടെ എ ലൈസൻസ് നേടുന്ന ആദ്യ മലയാളി വനിതാ പരിശീലകയായ പ്രിയ ഇന്ത്യൻ സീനിയർ ടീമിന്‍റെ സഹപരിശീലകയുമാണ്. മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്‌കാരം കേരളത്തിന്‍റെ ഷിൽജി ഷാജി കരസ്ഥമാക്കി. 

ക്ലിഫോർഡ് മിറാൻഡയാണ് മികച്ച പരിശീലകൻ. ലാലിയൻസുവാല ചാംഗ്തേയും മനിഷ കല്യാണും മികച്ച പുരുഷ, വനിതാ താരങ്ങളായും ആകാശ് മിശ്ര യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യക്കിന്ന് കലാശപ്പോര്

അതേസമയം സാഫ് കപ്പ് ഫുട്ബോളിൽ ഒൻപതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് കലാശപ്പോരാട്ടം. ഇത്തവണ സാഫ് കപ്പ് ഫുട്ബോളിൽ ഏതെങ്കിലുമൊരു ടീം ഇന്ത്യൻ വലയിൽ പന്തെന്തിച്ചെങ്കിൽ അത് കുവൈത്ത് മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു ഇരു ടീമുകളും. ഫിഫ റാങ്കിംഗിൽ ആദ്യ നൂറിലെത്തിയത് വെറുതെയല്ലെന്ന് തെളിയിക്കാൻ ഉജ്വലജയം തന്നെയാണ് നീലപ്പട ലക്ഷ്യമിടുന്നത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മിന്നും ഫോമിലാണ് പ്രതീക്ഷ. ഇന്‍റർ കോണ്ടിനന്‍റൽ കപ്പ് ജയിച്ച ആത്മവിശ്വാസവും കരുത്ത്.

നാല് മത്സരങ്ങളിൽ നിന്ന് ഹാട്രിക് ഉൾപ്പടെ അഞ്ച് ഗോൾ നേടിയ ഛേത്രിയാണ് സാഫ് കപ്പിലെ നിലവിലെ ടോപ് സ്കോറര്‍. എന്നാൽ മധ്യനിരയുടെയും പ്രതിരോധത്തിലെയും പിഴവുകൾ ഇന്ത്യക്ക് ആശങ്കയാണ്. ഫിഫ റാങ്കിംഗിൽ 143-ാം സ്ഥാനത്താണ് നിലവിൽ കുവൈത്ത്.

Read more: 10 വയസ് കുറഞ്ഞപോലെ! വെസ്റ്റ് ഇന്‍ഡീസിനെ ക്ലീനാക്കാന്‍ പുതിയ ഗെറ്റപ്പില്‍ രോഹിത് ശര്‍മ്മ; ചിത്രം വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News