ലീഗിന്‍റെ ഭാവിയിലുള്ള അനിശ്ചിതത്വം കാരണം മിക്ക ക്ലബുകളുടേയും യൂത്ത് ടീമുകളുടെ പ്രവർത്തനം നിലച്ചു. താരങ്ങളേയും പരിശീലകരേയും ടീമിൽ ഉൾപ്പെടുത്താനാവുന്നില്ല.
ദില്ലി: ഐ എസ് എൽ പന്ത്രണ്ടാം സീസണ്‍ തുടങ്ങുന്ന കാര്യത്തിലെ അനിശ്ചിതത്വത്തിൽ ആശങ്ക അറിയിച്ച് ക്ലബുകൾ. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെ എട്ട് ടീമുകൾ സംയുക്തമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്(എഐഎഫ്എഫ്) കത്ത് നൽകി. ടീം പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് എഐഎഫ്എഫ് ക്ലബുകളെ അറിയിച്ചു.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായുള്ള സംപ്രേഷണ അവകാശ കരാർ പുതുക്കാത്തതിനാൽ ഐ എസ് എൽ പന്ത്രണ്ടാം സീസൺ തുടങ്ങാനാവില്ലെന്ന് ലീഗ് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ്(എഫ്എസ്‌ഡിഎല്‍) അറിയിച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ഇതോടെ ക്ലബുകളുടെ നിലനിൽപുതന്നെ പ്രതിസന്ധിയിലായി. ഈ പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്‌സി, പഞ്ചാബ് എഫ്‌സി ടീമുകൾ സംയുക്തമായി എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബേയ്ക്ക് കത്ത് നൽകിയത്.
ലീഗിന്‍റെ ഭാവിയിലുള്ള അനിശ്ചിതത്വം കാരണം മിക്ക ക്ലബുകളുടേയും യൂത്ത് ടീമുകളുടെ പ്രവർത്തനം നിലച്ചു. താരങ്ങളേയും പരിശീലകരേയും ടീമിൽ ഉൾപ്പെടുത്താനാവുന്നില്ല. ഭാവി പദ്ധതികൾ ഒന്നും ആസൂത്രണം ചെയ്യാൻ കഴിയുന്നില്ല. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ടീമുകളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്നും ഫെഡറേഷൻ എത്രയും വേഗം പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ക്ലബുകൾ ആവശ്യപ്പെട്ടു.
ക്ലബുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും യോഗത്തിലേക്ക് പ്രതിനിധികളെ നിശ്ചയിക്കണമെന്നും എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എം. സത്യനാരായണൻ മറുപടി നൽകി. ഭരണഘടനയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി വരുന്നതുവരെ എ ഐ എഫ് എഫിന് പ്രധാന തീരുമാനങ്ങളൊന്നും എടുക്കാനാവില്ല. ഇതോടെയാണ് എഫ് എസ് ഡി എല്ലുമായുള്ള ഫെഡറേഷന്‍റെ സംപ്രേഷണ അവകാശ കരാർ വൈകുന്നത്. നിലവിലെ കരാർ ഡിസംബർ എട്ടിനാണ് അവസാനിക്കുക.
നിയമപരമായ തടസ്സങ്ങൾ കാരണം വൈകുന്നുണ്ടെങ്കിലും ഈസീസണിൽ ഐ എസ് എൽ മുടങ്ങില്ലെന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


