ലോകകപ്പ് സന്നാഹമത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ അള്‍ജീരിയ അട്ടിമറിച്ചു. പരിക്കില്‍ നിന്ന് മുക്തനായിട്ടില്ലെങ്കിലും നെയ്മാര്‍ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തി. സ്പാനിഷ് യുവതാരങ്ങളായ ലമീന്‍ യമാലും നിക്കോ വില്യംസും ലോകകപ്പിലെ ആദ്യ മത്സരത്തിന് സജ്ജരായി.
ന്യൂയോര്‍ക്ക്: ലോകകപ്പ് സന്നാഹമത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് അള്‍ജീരിയ. ശക്തരായ ഡച്ച് സേനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അള്‍ജീരിയ അട്ടിമറിച്ചത്. മത്സരത്തിന്റെ 86- മിനിറ്റില്‍ അനിസ് ഹജ് മൂസയാണ് ഗോളടിച്ചത്. ഡച്ച് ക്ലബ് ഫെയെനൂര്‍ഡ് താരമായ ഹജ് മൂസയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും നെതര്‍ലാന്‍ഡ്‌സിന് അള്‍ജീരിയന്‍ പ്രതിരോധം ഭേദിക്കാനായില്ല. അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ ലൂക സിദാന്റെ മികച്ച സേവുകളും ശ്രദ്ധേയമായി. ഫിഫ റാങ്കിംഗില്‍ നെതര്‍ലാന്‍ഡ്‌സ് ഏഴാം സ്ഥാനത്തും അള്‍ജീരിയ 28- റാങ്കുകാരുമാണ്. അള്‍ജീരിയയുടെ ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം ഏകുന്നതാണ് ഈ ജയം. ഗ്രൂപ്പ് ജെയില്‍ നിലവില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കുള്ള മുന്നറിയിപ്പാണ് അള്‍ജീരിയയുടെ പ്രകടനം.
10-ാം നമ്പറില്‍ നെയ്മര്‍
പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായില്ലെങ്കിലും സൂപ്പര്‍താരം നെയ്മാര്‍ ജൂനിയറിന് പത്താം നമ്പര്‍ ജഴ്‌സി നല്‍കി ബ്രസീല്‍. ചെല്‍സിയുടെ ജാവോ പെഡ്രോയെ ഒഴിവാക്കിയാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നെയ്മാറെ ടീമില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ ലോകകപ്പുകളിലും നെയ്മാര്‍ പത്താം നന്പര്‍ ജഴ്‌സിയണിഞ്ഞാണ് കളിച്ചത്. വിനിഷ്യസ് ജൂനിയര്‍ ഏഴും, റഫീഞ്ഞ പതിനൊന്നും, മത്തേയുസ് കൂഞ്ഞ ഒന്‍പതും, ബ്രൂണോ ഗിമെയ്‌റസ് എട്ടും നമ്പറുകളുളള ജഴ്‌സി ധരിക്കും. ഈമാസം പതിമൂന്നിന് മൊറോക്കോയ്ക്ക് എതിരെയാണ് ബ്രസീലിന്റെ ആദ്യമത്സരം. ഹെയ്തിയും സ്‌കോട്‌ലന്‍ഡുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസിലിന്റെ മറ്റ് എതിരാളികള്‍.
സ്‌പെയ്‌നിന് ആശ്വാസം
ലോകകപ്പിനൊരുങ്ങുന്ന സ്‌പെയ്‌ന് ആശ്വാസം. യുവതാരങ്ങളായ ലമീന്‍ യമാലും നിക്കോ വില്യംസും ആദ്യ മത്സരത്തിന് സജ്ജരായെന്ന് സ്പാനിഷ് കോച്ച് ലൂയിസ് ഫ്യൂവന്റെ പറഞ്ഞു. പരിക്കേറ്റ ഇരുവരും ആദ്യമത്സരത്തില്‍ കളിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കാലിലെ പേശികള്‍ക്ക് പരിക്കേറ്റ യാമലും നിക്കോയും ക്ലബ് സീസണിലെ അവസാന മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. എങ്കിലും ഇരുവരേയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. യൂറോകപ്പില്‍ സ്‌പെയ്‌നെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് ലമീന്‍ യമാലും നിക്കോ വില്യംസും.
ഈമാസം പതിനഞ്ചിന് കെയ്പ് വെര്‍ദയ്ക്ക് എതിരെയാണ് സ്‌പെയ്‌ന്റെ ആദ്യ മത്സരം. ഇതിന് മുന്‍പുള്ള സന്നാഹമത്സരങ്ങളില്‍ യമാലും നിക്കോയും കളിക്കില്ല. സൗദി അറേബ്യയും ഉറുഗ്വേയുമാണ് ഗ്രൂപ്പ് എച്ചില്‍ സ്‌പെയ്‌ന്റെ മറ്റ് എതിരാളികള്‍.

