ഈ ലോകകപ്പിൽ ഇതുവരെ നടന്ന 96 മത്സരങ്ങളിൽ ആദ്യമായാണ് ഒരു മത്സരത്തിലെ അഞ്ചു റഫറിമാരും ഒരേ രാജ്യത്തു നിന്നുള്ളവരാകുന്നത്.
ബോസ്റ്റൺ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്‍റീന നേടിയ നാടകീയ വിജയത്തിന് പിന്നാലെ ഉയർന്ന ഒത്തുകളി വിവാദങ്ങൾ അടങ്ങും മുൻപ് ഫുട്ബോൾ ലോകത്തെ വീണ്ടും ചൂടുപിടിപ്പിച്ച് ഫിഫയുടെ പുതിയ പ്രഖ്യാപനം. ഫ്രാൻസും മൊറോക്കോയും തമ്മിൽ ബോസ്റ്റണിൽ നാളെ നടക്കാനിരിക്കുന്ന ഒന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിന്‍റെ നിയന്ത്രണം പൂർണ്ണമായും അർജന്‍റീനക്കാരടങ്ങിയ റഫറിയിങ് പാനലിന് നൽകിയ ഫിഫയുടെ തീരുമാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
ഈ ലോകകപ്പിൽ ഇതുവരെ നടന്ന 96 മത്സരങ്ങളിൽ ആദ്യമായാണ് ഒരു മത്സരത്തിലെ അഞ്ചു റഫറിമാരും ഒരേ രാജ്യത്തു നിന്നുള്ളവരാകുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അർജന്‍റീനയുടെ കടുത്ത എതിരാളികളായിരുന്ന ഫ്രാൻസിന്‍റെ മത്സരത്തിൽ അർജന്‍റീനക്കാരെ മുഴുവനായി മത്സരം നിയന്ത്രിക്കാനായി നിയോഗിക്കുന്നത് ഫിഫയുടെ കടുംകൈയാണെന്നാണ് ഫുട്ബോൾ ആരാധകര്‍ പറയുന്നത്. ഫിഫയുടെ ഈ തീരുമാനം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അർജന്‍റീനയ്ക്ക് വീണ്ടും ലോകകപ്പ് ഫിക്സ് ചെയ്തു നൽകാനുള്ള നീക്കമാണിതെന്നാണ് പ്രധാന വിമർശനം.
കൗതുകകരമായ കാര്യം, ഈജിപ്തിനെതിരെ അർജന്‍റീന കളിച്ച പ്രീ-ക്വാർട്ടർ മത്സരം നിയന്ത്രിച്ചത് ഫ്രഞ്ച് റഫറിയായ ഫ്രാൻസ്വ ലെറ്റെക്സിയർ ആയിരുന്നു. അന്ന് ഫ്രഞ്ച് റഫറി തങ്ങളെ ചതിച്ചെന്ന് ഈജിപ്ത് ആരോപിച്ചപ്പോൾ, അർജന്‍റീനൻ ആരാധകരും റഫറിക്കെതിരെ രംഗത്തുണ്ടായിരുന്നു. അതിന് പകരമായാണോ ഫ്രാൻസിന്‍റെ കളിയിൽ അർജന്റീനക്കാരെ ഫിഫ നിയോഗിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ 'ആർ.എം.സി സ്പോർട്സ്' ഫിഫയുടെ ഈ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഫിഫയ്ക്ക് യാതൊരു നാണമില്ലെന്നാണ് അവർ റിപ്പോർട്ട് ചെയ്തത്.
പ്രധാന റഫറി കടുപ്പക്കാരനായ ഫക്കുണ്ടോ ടെല്ലോ
വിഖ്യാത അർജന്‍റീനിയൻ റഫറിയായ ഫക്കുണ്ടോ ടെല്ലോയാണ് ഫ്രാൻസ്-മൊറോക്കോ പോരാട്ടം നിയന്ത്രിക്കുക. ടെല്ലോയ്ക്ക് പുറമെ അർജന്റീനക്കാരായ ജുവാൻ പാബ്ലോ ബെലാറ്റി, ഗബ്രിയേൽ ചാഡെ എന്നിവർ അസിസ്റ്റന്‍റ് റഫറിമാരാകും. ഡാരിയോ ഹെരേര നാലാം റഫറിയായും ക്രിസ്റ്റ്യൻ നവാരോ റിസർവ് അസിസ്റ്റന്‍റ് റഫറിയായും പ്രവർത്തിക്കും. കളിക്കളത്തിൽ കാർഡുകൾ വാരി വിതറുന്നതിൽ പ്രശസ്തനാണ് ടെല്ലോ.
ബോക്ക ജൂനിയേഴ്‌സും റേസിംഗ് ക്ലബ്ബും തമ്മിൽ നടന്ന ഒരു മത്സരത്തിൽ 10 ചുവപ്പ് കാർഡുകൾ പുറത്തെടുത്ത് ഇദ്ദേഹം ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. വിവാദങ്ങൾ പുകയുമ്പോഴും ഫ്രഞ്ച് ക്യാമ്പ് തികഞ്ഞ ശാന്തതയിലാണ്. റഫറി ആരാണെന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ഫ്രഞ്ച് പ്രതിരോധ താരം ഡയോറ്റ് ഉപമെകാനോ വ്യക്തമാക്കി.റഫറി ആരാണെന്നതിലേക്ക് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നില്ല. മുൻപും ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും മൊറോക്കോയ്ക്ക് എതിരെയുള്ള മത്സരത്തിലാണ്. ഞങ്ങൾക്ക് ആ കളി ജയിക്കണം, അത് മാത്രമാണ് പ്രധാനമെന്ന് ഉപമെകാനോ പറഞ്ഞു.
ടീമിലെ മൂന്നാം ഗോൾകീപ്പറായ റോബിൻ റിസറും സമാനമായ പ്രതികരണമാണ് നടത്തിയത്. മാധ്യമങ്ങളാണ് കാര്യങ്ങൾ വഷളാക്കുന്നതെന്നും തങ്ങൾക്ക് അനാവശ്യമായ ഭയമില്ലെന്നും റിസർ പറഞ്ഞു. 2018-ൽ അർജന്‍റീനയെ തോൽപ്പിച്ച ഫ്രാൻസിനെ 2022 ലോകകപ്പ് ഫൈനലിൽ ഷൂട്ടൗട്ടിൽ അർജന്‍റീന തകർത്തിരുന്നു. ഈ കടുത്ത വൈര്യം നിലനിൽക്കെ റഫറിമാരുടെ തീരുമാനം ക്വാർട്ടറിൽ നിർണായകമാകും.
