ഡാർവിൻ നുണെസിന്‍റെ പെനാൽറ്റി ഗോളിലൂടെ 11-ാം മിനിറ്റിൽ തന്നെ ഉറുഗ്വേ മുന്നിലെത്തി. എന്നാൽ 22-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ ഇന്ത്യക്ക് സമനില ഗോൾ സമ്മാനിച്ചു.

കൊൽക്കത്ത: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യൻമാരായ ഉറുഗ്വേക്കെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. കൊല്‍ക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് (6-1) ഉറുഗ്വേ ഇന്ത്യയെ തകർത്തുവിട്ടത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ അനിരുദ്ധ് ഥാപ്പ നേടിയ ഗോളില്‍ ഉറുഗ്വോയെ കുറച്ചുനേരത്തേക്കെങ്കിലും സമനിലയില്‍ പിടിക്കാനയത് ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും പിന്നീട് ഇന്ത്യ കളിമറന്നത് നിരാശയായി.

ഡാർവിൻ നുണെസിന്‍റെ പെനാൽറ്റി ഗോളിലൂടെ 11-ാം മിനിറ്റിൽ തന്നെ ഉറുഗ്വേ മുന്നിലെത്തി. എന്നാൽ 22-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ ഇന്ത്യക്ക് സമനില ഗോൾ സമ്മാനിച്ചു. 1982-ൽ മാനസ് ഭട്ടാചാർജിക്ക് ശേഷം ഉറുഗ്വെയ്‌ക്കെതിരെ ഗോൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അനിരുദ്ധ് ഥാപ്പ. 35 മിനിറ്റോളം മഴ മൂലം കളി തടസപ്പെട്ടശേഷം കളി പുനരാരംഭിച്ചതോടെയാണ് ഉറുഗ്വേ ഗോള്‍മഴ പെയ്യിച്ചത്. 28-ാം മിനിറ്റില്‍ മാക്സിമിലിയാനോ അറൗഹോയുടെ ഗോളിലൂടെ ലീഡ് തിരിച്ചുപിടിച്ച ഉറുഗ്വോ 2-1നാണ് ഇടവേളക്ക് പിരിഞ്ഞത്.

Scroll to load tweet…

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53ാം മിനിറ്റില്‍ റോഡ്രിഗോ സലാസറിന്‍റെയും ഗോളിലൂടെ ലീഡുയര്‍ത്തിയ ഉറുഗ്വോ 59-ാം മിനിറ്റില്‍ മാക്സിമിലിയാനോയുടെ രണ്ടാം ഗോളിലൂടെ വിജയം ഉറപ്പിച്ചു. പിന്നാലെ 71ാം മിനിറ്റില്‍ സനാബ്രിയയും 86-ാം മിനിറ്റില്‍ റോഡ്രിഗോ അഗ്വിറെയും ചേര്‍ന്ന് ഉറുഗ്വോയുടെ ഗോള്‍പ്പട്ടിക തികച്ചു.

Scroll to load tweet…

ബ്രസീലിനെതിരെയുള്ള 4-0 തോൽവിക്ക് ശേഷം ബംഗാളിന്‍റെ ഫുട്ബോൾ തലസ്ഥാനമായ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ പ്രതിരോധ നിരയുടെ ഗുരുതരമായ പിഴവുകളാണ് ഇന്ത്യക്ക് വീണ്ടും വൻ തിരിച്ചടിയായത്. പാനമയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ സമനില നേടിയെങ്കിലും (1-1) അവസാന രണ്ട് മത്സരങ്ങളിൽ നിന്നായി 10 ഗോളുകളാണ് ഇന്ത്യൻ പ്രതിരോധനിര വഴങ്ങിയത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക