ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരങ്ങളില്‍ ആഴ്‌സനലും ആസ്റ്റണ്‍ വില്ലയും ജയം സ്വന്തമാക്കി. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ജയം. ബൗണ്‍മൗത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. കളിയുടെ 10- മിനുട്ടില്‍ ബൗണ്‍മൗത്ത് മുന്നിലെത്തിയെങ്കിലും തൊട്ടുപിന്നാലെ ഗബ്രിയലിലൂടെ ആഴ്‌സണല്‍ സമനില പിടിച്ചു. 54,71 ആം മിനുട്ടുകളില്‍ ഡെക്ലന്‍ റൈസിന്റെ ഇരട്ടഗോളും ആഴ്‌സണലിന് ജയം ഒരുക്കി. തുടര്‍ച്ചയായ ആറാം ജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് ആഴ്‌സണല്‍. 20 മത്സരങ്ങളില്‍ നിന്ന് 48 പോയിന്റാണ് സമ്പാദ്യം.

ലീഗില്‍ ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്. വെള്ളിയാഴ്ച ലിവര്‍പൂളിനെതിരെയാണ് അടുത്ത മത്സരം. അതേസമയം, ആസ്റ്റണ്‍ വില്ലയ്ക്ക് തകര്‍പ്പന്‍ ജയം. നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. വില്ലയ്ക്കായി ജോണ്‍ മഗ്വയിന്‍ രണ്ടും ഒലി വാറ്റ്കിന്‍സ് ഒരു ഗോളും നേടി. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിലും 49, 73 ആം മിനുട്ടുകളിലുമാണ് ആസ്റ്റണ്‍ വില്ല ഗോളുകള്‍ കണ്ടെത്തിയത്. 61 മിനുട്ടില്‍ മോര്‍ഗന്‍ ഗിബ്‌സാണ് നോട്ടിംങ്ഹാം ഫോറസ്റ്റിന്റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ആസ്റ്റണ്‍ വില്ല രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 20 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റാണ് സമ്പാദ്യം.

ലീഗില്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്. വെസ്റ്റ് ഹാം, വോള്‍വ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തോല്‍വി. കളിയുടെ ആദ്യ പകുതിയിലാണ് വെസ്റ്റ് ഹാം മൂന്ന് ഗോളുകളും വഴങ്ങിയത്. ലീഗില്‍ ഇതുവരെ കളിച്ച 20 മത്സരങ്ങളില്‍ നിന്ന് ആദ്യ ജയമാണ് വോള്‍വര്‍ഹാംപ്ടണ്‍ സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ വീഴ്ത്തി ബ്രൈറ്റണ്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രൈറ്റണിന്റെ വിജയം.

29-ാം മിനുട്ടില്‍ ജോര്‍ജിനിയോ റുട്ടര്‍, 47- മിനുട്ടില്‍ യാസിന്‍ അയാരി എന്നിവരാണ് ബ്രൈറ്റണിനായി ഗോളുകള്‍ കണ്ടെത്തിയത്. ലീഗിലെ 20 മത്സരങ്ങളില്‍ നിന്ന് ഏഴാം ജയമാണ് ബ്രൈറ്റണ്‍ സ്വന്തമാക്കിയത്. 28 പോയിന്റുമായി ടേബിളില്‍ എട്ടാം സ്ഥാനത്ത്.

YouTube video player