ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന്റെ തുടക്കം ജയത്തോടെ. ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. അലക്‌സാണ്ട്രേ ലകസറ്റെ, ഗബ്രിയേല്‍, എമറിക്ക് ഒബാമയങ് എന്നിവരാണ് ഗണ്ണേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. എന്നാല്‍ ഏറെ നിര്‍ണായകമായത് ഇത്തവണ ചെല്‍സിയില്‍ നിന്ന് ആഴ്‌സനലിലെത്തിയ വില്ല്യന്റെ പ്രകടനമാണ്. രണ്ട് അസിസ്റ്റുകളുമായി താരം കളം നിറഞ്ഞ് കളിച്ചു. 

എട്ടാം മിനിറ്റില്‍ ലകസറ്റെയിലൂടെ ആഴ്‌സനല്‍ മുന്നിലെത്തി. എതിര്‍ പോസ്റ്റിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ താരം ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റുകള്‍ക്കകം ഗബ്രിയേലിലൂടെ ആഴ്‌സനല്‍ ലീഡുയര്‍ത്തി. വില്ല്യന്റെ അസിസ്റ്റില്‍ ഗബ്രിയേലിന്റെ ഗോള്‍. എട്ട് മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോളും പിറന്നു. ഇത്തവണയും വില്ല്യന്‍ തന്നെയായിരുന്നു ഗോളിന് പിറകില്‍. 

നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിന് ഇന്ന് കളിയുണ്ട്. പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനകയറ്റം നേടിയെത്തിയ ലീഡ്‌സ് യുനൈറ്റഡാണ് ലിവര്‍പൂളിന്റെ എതിരാളി. രാത്രി 10നാണ് മത്സരം.