ലാ ലിഗയിൽ എസ്പാനിയോളിനെതിരെ ബാഴ്‌സലോണ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ റയൽ മാഡ്രിഡിന് ഇന്ന് ജയം അനിവാര്യമാണ്.
ബാഴ്‌സലോണ: ലാലിഗയില്‍ എസ്പാനിയോളിനെതിരെ ബാഴ്‌സലോണയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയിച്ചത്. ഡാനി ഒല്‍മോയും, റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുമാണ് ഗോളുകള്‍ നേടിയത്. ലാലിഗയില്‍ അത്‌ലറ്റിക് ക്ലബിന് സമനില. ഒസാസുനയുമായുള്ള മത്സരം ഓരോ ഗോള്‍ അടിച്ച് പിരിഞ്ഞു. 34- മിനുട്ടില്‍ റൂബന്‍ ഗാര്‍ഷിയയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെയാണ് ഒസാസുന മുന്നിലെത്തിയത്. 71 മിനുട്ടില്‍ അത്‌ലറ്റിക് ക്ലബാണ് സമനില ഗോള്‍ കണ്ടെത്തിയത്.
19 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുള്ള അത്‌ലറ്റിക് ക്ലബ് ടേബിളില്‍ എട്ടാം സ്ഥാനത്തും 19 പോയിന്റുള്ള ഒസാസുന പന്ത്രണ്ടാമതുമാണ്. സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. റയല്‍ ബെറ്റിസാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8.45ന് റയലിന്റെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം. ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ റയലിന് ജയം അനിവാര്യം. 18 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുമായാണ് മുന്‍ ചാന്പ്യന്മാര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്.
കഴിഞ്ഞ മത്സരങ്ങളില്‍ ആധികാരിക ജയം സ്വന്തമാക്കാന്‍ റയലിന് കഴിഞ്ഞിട്ടില്ല. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് റയല്‍ സോസിഡാഡിനെ നേരിടും. രാത്രി 1.30നാണ് മത്സരം തുടങ്ങുക. 18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ജയം. ബൗണ്‍മൗത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. കളിയുടെ 10- മിനുട്ടില്‍ ബൗണ്‍മൗത്ത് മുന്നിലെത്തിയെങ്കിലും തൊട്ടുപിന്നാലെ ഗബ്രിയലിലൂടെ ആഴ്‌സണല്‍ സമനില പിടിച്ചു. 54,71 ആം മിനുട്ടുകളില്‍ ഡെക്ലന്‍ റൈസിന്റെ ഇരട്ടഗോളും ആഴ്‌സണലിന് ജയം ഒരുക്കി. തുടര്‍ച്ചയായ ആറാം ജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് ആഴ്‌സണല്‍. 20 മത്സരങ്ങളില്‍ നിന്ന് 48 പോയിന്റാണ് സമ്പാദ്യം. ലീഗില്‍ ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്. വെള്ളിയാഴ്ച ലിവര്‍പൂളിനെതിരെയാണ് അടുത്ത മത്സരം.

