അർജന്റീന ഫുട്ബോൾ ടീമിന്റെയും നായകൻ ലയണൽ മെസിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ. 

കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെയും നായകന്‍ ലയണല്‍ മെസിയുടെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയന്‍. 200 കോടിക്ക് മെസിയെ കേരളത്തില്‍ കൊണ്ടുവരികയല്ല വേണ്ടതെന്നും എഫ് സി ഗോവയെപ്പോലെ മെറിറ്റില്‍ വലിയ താരങ്ങളെ എത്തിക്കുകയാണ് വേണ്ടതെന്നും ആഷിഖ് കുരുണിയന്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

200 കോടിക്ക് മെസിയെയും അര്‍ജന്‍റീനയയെയും സൗഹൃദ മത്സരം കളിക്കാന്‍കൊണ്ടുവരുന്നതിനെക്കാള്‍ കളിച്ചു ജയിച്ച് മെറിറ്റിലൂടെ വലിയ താരങ്ങളെ സ്വന്തം ഗ്രൗണ്ടില്‍ കൊണ്ട് വന്ന് കളിക്കാന്‍ പോകുന്നു. അതും പൈസ ഇങ്ങോട്ട് വാങ്ങി. ഇത്തരത്തിലുള്ള ഫുട്ബോള്‍ വികസനമാണ് നമുക്ക് വേണ്ടത്. അല്ലാതെ ജനങ്ങളെ പറിഞ്ഞു പറ്റിക്കലല്ല എന്നായിരുന്നു ഏഷ്യൻ ചാമ്പ്യൻസ് ലീഗില്‍ എഫ് സി ഗോവയുമായി മത്സരിക്കാന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അല്‍ നസ്ർ ഗോവയിലെത്തുമെന്ന വാര്‍ത്തയോടുള്ള പ്രതികരണമായി ആഷിക് കുരുണിയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അര്‍ജന്‍റീനയ നായകന്‍ ലിയോണല്‍ മെസി കേരളത്തിലെത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് ഫുട്ബോളിലെ മറ്റൊരു സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാന്‍ വഴിയൊരുങ്ങുന്നത്. ഇന്ത്യയിലെ സൂപ്പര്‍ കപ്പില്‍ ജേതാക്കളായതോടെയാണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയത്. പ്ലേ ഓഫില്‍ ഒമാന്‍ അല്‍ സീബിനെ 2-1ന് തകര്‍ത്താണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യയിലെത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക