2016ന് ശേഷം ബിൽബാവോയുടെ ഒറ്റ മത്സരവും ഇനാകി വില്യംസിന് നഷ്ടമായിട്ടില്ല

മാഡ്രിഡ്: സ്‍പാനിഷ് ലീഗ് ഫുട്ബോളിൽ (LaLiga) അപൂ‍ർവ റെക്കോർഡുമായി ഇനാകി വില്യംസ് (Iñaki Williams). അത്‍ലറ്റിക്കോ ബിൽബാവോ (Athletic Bilbao) താരമായ ഇനാകി വില്യംസിന് 2016ന് ശേഷം ഒറ്റ മത്സരം നഷ്ടമായിട്ടില്ല.

പരിക്ക്, ചുവപ്പുകാ‍ർ‍ഡ്, അല്ലെങ്കിൽ പരിശീലകന്‍റെ അനിഷ്ടം എന്നിങ്ങനെ ഫുട്ബോളിൽ ഒരുതാരം ടീമിന് പുറത്തിരിക്കാൻ കാരണങ്ങൾ നിരവധിയാണ്. എന്നാൽ അത്‍ലറ്റിക്കോ ബിൽബാവോ താരം ഇനാകി വില്യംസിനെ ഇതൊന്നും ബാധിക്കുന്നില്ല. 2016ന് ശേഷം ബിൽബാവോയുടെ ഒറ്റ മത്സരവും ഇനാകി വില്യംസിന് നഷ്ടമായിട്ടില്ല. പൂർത്തിയാക്കിയത് തുട‍ർച്ചയായ 224 മത്സരങ്ങൾ.

2014ലാണ് ഇരുപത്തിയേഴുകാരനായ ഇനാകി വില്യംസ് അത്‍ലറ്റിക്കോ ബിൽബാവോയുടെ സീനിയ‍ർ ടീമിലെത്തുന്നത്. അവസാനമായൊരു മത്സരം നഷ്ടമായത് 2016 ഏപ്രിലിൽ മലാഗയ്ക്കെതിരെ. അതിവേഗമുള്ള ഇനാകി വില്യംസ് നിരന്തരം ടാക്കിളുകൾക്ക് വിധേയനായിട്ടും പരിക്കുകളെ അതിജീവിക്കുന്നതാണ് അത്ഭുതം. ക്ലബിനായി 333 മത്സരങ്ങളിൽ 44 അസിസ്റ്റും 74 ഗോളും നേടി.

ഏണസ്റ്റോ വെൽവെ‍‍‍ർദേ, ഹൊസെ ഏഞ്ചൽ സിഗാൻഡ, എഡ്വാർഡോ ബെരീസോ, ഗെയ്സ്ക ഗാ‍ർഷ്യാനോ, മാർ‍സലീനോ എന്നീ പരിശീലർ മാറിമാറി വന്നെങ്കിലും ഇനാകി വില്യംസിന്‍റെ സ്ഥാനത്തിന് മാത്രം ഇളക്കം തട്ടിയില്ല. ഇതിനിടെ തുട‍ർച്ചയായ 202 മത്സരങ്ങളെന്ന യുവാനൻ ലറാനഗയുടെ റെക്കോർഡ് മറികടന്നു. 2016ൽ സ്‍പാനിഷ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് അവസരം കിട്ടിയില്ല. സഹോദരൻ നിക്കോ വില്യംസും അത്‍ലറ്റിക്കോ ബിൽബാവോ താരമാണ്.

UCL : ഇത്തിഹാദിൽ ഫുട്ബോള്‍ യുദ്ധം; സിറ്റി-റയല്‍ സൂപ്പർ സെമി രാത്രി