Ballon d'Or 2021 : ഏഴഴകിലേക്ക് ലിയോണല്‍ മെസി? അതോ ലെവന്‍ഡോവ്സ്‌കിയോ മറ്റാരെങ്കിലുമോ; ബാലൻ ഡി ഓർ ഇന്നറിയാം
അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചാണ് ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാര പ്രഖ്യാപനം

പാരീസ്: ഈ വർഷത്തെ ബാലൻ ഡി ഓർ ജേതാവിനെ ഇന്നറിയാം. പാരീസിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. ആദ്യ ബാലൺ ഡി ഓർ ഷെൽഫിലെത്തിക്കാൻ റോബർട്ട് ലെവൻഡോവ്സ്‌കി കാത്തിരിക്കുമ്പോള്‍ ഏഴാം തവണ നേട്ടം ആവർത്തിച്ച് റെക്കോർഡുയർത്താനാണ് ലിയോണൽ മെസി കൊതിക്കുന്നത്. യൂറോ കപ്പും ചാമ്പ്യൻസ് ലീഗും കൈവശമുള്ള കരുത്തിൽ ജോർജീഞ്ഞോ ഇരുവര്‍ക്കും കനത്ത വെല്ലുവിളിയായുണ്ട്.
അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചാണ് ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാര പ്രഖ്യാപനം. കൊവിഡ് പ്രതിസന്ധിക്കിടെ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബാലൻ ഡി ഓർ സമ്മാനദാനം. ബാഴ്‌സലോണയിലും പിഎസ്‌ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായില്ല. ബാഴ്‌സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാൽ അർജന്റീന ജേഴ്‌സിയിലെ ആദ്യ അന്താരാഷ്‍ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ മെസി നേടിയത് ഈ വർഷമാണ്.
ഗോൾ വേട്ടയിൽ ഇതിഹാസ താരം ഗെർഡ് മുള്ളറിന്‍റെ റെക്കോർഡുകൾ പോലും കടപുഴക്കി മുന്നേറുന്ന ലെവൻഡോവ്സ്‌കിയാണ് ഈ വർഷം മുന്നിൽ. ഈ സീസണിൽ മാത്രം 19 കളിയിൽ 25 ഗോളുകൾ അടിച്ചുകൂട്ടി. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ലെവൻഡോവ്സ്‌കി ബാലൺ ഡി ഓർ സ്വന്തമാക്കിയാല്‍ അത് ചരിത്രമാകും.
റയൽ മാഡ്രിഡിനൊപ്പം ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറുന്ന കരീം ബെൻസെമയും സാധ്യതയിൽ മുന്നിൽ. ഫ്രാൻസിനെ നേഷൻസ് ലീഗ് ചാമ്പ്യന്മാരാക്കിയതും ബെൻസെമയ്ക്ക് നേട്ടമാകും. ഇറ്റലിക്ക് യൂറോയും ചെൽസിക്ക് ചാമ്പ്യൻസ് ലീഗും സമ്മാനിക്കുന്നതിൽ മിന്നും പ്രകടനം കാഴ്‌ചവച്ച ജോർജിഞ്ഞോയും സാധ്യതാ പട്ടികയിൽ മുന്നിലുണ്ട്. കഴിഞ്ഞ പന്ത്രണ്ട് എഡിഷനുകളിൽ മെസിയും റൊണാൾഡോയുമല്ലാതെ ഒരേയൊരു താരം മാത്രമേ ബാലൻ ഡി ഓർ നേടിയിട്ടുള്ളൂ എന്നതും ശ്രദ്ധേയം.
LaLiga : വിനീഷ്യസ് മാജിക്; സൂപ്പര്‍ ഗോളില്‍ റയല്‍ മാഡ്രിഡിന് ജയം- വീഡിയോ