മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളിന് കാഡിസിനെ തോൽപിച്ചു

മാഡ്രിഡ്: ലാലിഗയിൽ(LaLiga) റയൽ മാഡ്രിഡിന്(Real Madrid) ജയം. സെവിയ്യയെ(Sevilla) ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ പരാജയപ്പെടുത്തി. റയലിനായി കരിം ബെൻസെമയും(Karim Benzema) വിനീഷ്യസ് ജൂനിയറും(Vini Jr) ഗോൾ നേടിയപ്പോൾ റാഫ മീറാണ്(Rafa Mir) സെവിയ്യയുടെ ഗോൾ കണ്ടെത്തിയത്. 33 പോയിന്‍റുള്ള റയൽ ലീഗിൽ ഒന്നാം സ്ഥാനത്താണ്. 28 പോയിന്‍റുള്ള സെവിയ്യ നാലാം സ്ഥാനത്തും. 

മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളിന് കാഡിസിനെ തോൽപിച്ചു. തോമസ് ലെമാർ, അന്റോയ്ൻ ഗ്രീസ്മാൻ, ഏഞ്ചൽ കൊറേയ, മത്തേയൂസ് കൂഞ്ഞ എന്നിവരാണ് അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ ഗോളുകള്‍ നേടിയത്. 29 പോയിന്‍റുമായി റയലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് അത്‌ലറ്റിക്കോ. 17-ാമതാണ് കാഡിസിന്‍റെ സ്ഥാനം. 

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി-മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ പോര് സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോൾ വീതം നേടിയപ്പോള്‍ രണ്ടാം പകുതിയിലാണ് വലകള്‍ ചലിച്ചത്. അൻപതാം മിനിറ്റിൽ ജേഡൺ സാഞ്ചോയുടെ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി. അറുപത്തിയൊൻപതാം മിനിറ്റിൽ ജോർജീഞ്ഞോ ചെൽസിയുടെ സമനില കണ്ടെത്തി. 

Scroll to load tweet…

ഫ്രഞ്ച് ലീഗിലാവട്ടെ ലിയോണല്‍ മെസിയുടെ ഹാട്രിക് അസിസ്റ്റില്‍ പിഎസ്‌ജി ഒന്നിനെതിരെ മൂന്ന് ഗോളിന് സെന്‍റ് എറ്റിനിയെ തോൽപിച്ചു. ഇരുപത്തിമൂന്നാം മിനിറ്റിൽ ഗോൾ വഴങ്ങിയ ശേഷമായിരുന്നു പിഎസ്‌‌ജിയുടെ ജയം. മാർക്വീഞ്ഞോസ് രണ്ടും ഏഞ്ചൽ ഡി മരിയ ഒന്നും ഗോള്‍ നേടി. നാൽപത്തിയഞ്ചാം മിനിറ്റിൽ തിമോത്തി ചുവപ്പ് കാർഡ് പുറത്തായത് കളിയിൽ വഴിത്തിരിവായി.

EPL : തുല്യത പാലിച്ച് ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും; സൂപ്പര്‍പോര് സമനിലയില്‍