മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വമ്പന്മാരുടെ പോരില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വി. അതലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. അതേസമയം റയല്‍ മാഡ്രിഡിന് സമനില പിണഞ്ഞു. വിയ്യാ റയലുമായുള്ള മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. സെവിയ്യ രണ്ടിനെതിരെ നാല് ഗോളിന് സെല്‍റ്റി വിഗോയെ തോല്‍പ്പിച്ചു. 

അത്‌ലറ്റികോയ്‌ക്കെതിരെ മുഴുവന്‍ സമയത്തും ആധിപത്യം പുലര്‍ത്തിയിട്ടും ബാഴ്‌സലോണയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇതിനിടെ ആദ്യ പകുതിയിലെ അധിക സമയത്ത് ഗോള്‍ കീപ്പര്‍ ടെര്‍സ്റ്റീഗന്റെ പിഴവ് ബാഴ്‌സലോണയ്ക്ക് വിനനായി. യാനിക് കരാസ്‌കോയാണ് അത്‌ലറ്റിക്കോയ്ക്കായി ഗോള്‍ നേടിയത്. പരാജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ബാഴ്‌സയ്ക്ക് 11 പോയിന്റ് മാത്രമാണുള്ളത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബാഴ്‌സയ്ക്ക് ജയിക്കാനായത്.

വിയ്യറയലിനെതിരായ മത്സരത്തില്‍ റയലാണ് ആദ്യം ഗോള്‍ നേടിയത്. രണ്ടാം മിനിറ്റില്‍ മറെയ്‌നോ ടീമിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ വിയ്യറയല്‍ തിരിച്ചടിച്ചു. 76ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജെറാര്‍ഡ് മൊറേനോ ഗോളാക്കി മാറ്റി. ഒന്‍പത് മത്സരങ്ങളില്‍ 17 പോയിന്റുമായി നാലാം സ്ഥാനത്താണിപ്പോള്‍ റയല്‍ മാഡ്രിഡ്. പരുക്കേറ്റ നായകന്‍ സെര്‍ജിയോ റാമോസ് ഇല്ലാതെയാണ് റയല്‍ ഇറങ്ങിയത്. 

സെല്‍റ്റാവിഗോയെ രണ്ടിനെതിരെ നാല് ഗോളിനാണ് സെവിയ്യ തോല്‍പ്പിച്ചത്. ജുലെസ് കൗണ്ടെ, യൂസഫ് എന്‍ നെസിറി, സെര്‍ജിയോ എസ്‌കുഡേറോ, മുനീര്‍ എല്‍ ഹദാദി എന്നിവരാണ് സെവിയ്യയുടെ ഗോള്‍ നേടിയത്. ഇയാഗോ അസ്പാസ്, നോളിറ്റോ എന്നിവരുടെ വകയായിരുന്നു സെല്‍റ്റയുടെ ഗോളുകള്‍. 9 മത്സരങ്ങളില്‍ 20 പോയിന്റുള്ള റയല്‍ സോസിഡാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. വിയ്യാറയല്‍ 19 പോയിന്റുമായി അത്‌ലറ്റികോയ്ക്ക് പിന്നില്‍ മൂന്നാമതാണ്. 


യുവന്റസിന് ജയം

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ കരുത്ത് കാട്ടി യുവന്റസ്. കാഗ്ലിയാരിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് യുവന്റിസിന്റെ ജയം. 38, 42 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. ജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തെത്താനും ടീമിനായി. എട്ട് കളികളില്‍ നിന്ന് 16 പോയിന്റാണ് യുവന്റസിനുള്ളത്. 7 കളികളില്‍ നിന്ന് 17 പോയിന്റുള്ള മിലാനാണ് ഒന്നാമത്.