മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിംഗ് ഹാലന്‍ഡിനെ അടുത്ത സീസണില്‍ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ ലക്ഷ്യമിടുന്നു. കരാര്‍ അവസാനിക്കുന്ന റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് പകരക്കാരനായാണ് ഹാലന്‍ഡിനെ പരിഗണിക്കുന്നത്. 

ബാഴ്‌സലോണ: മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിംഗ് ഹാലന്‍ഡിനെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ രംഗത്ത്. അടുത്ത സീസണില്‍ നോര്‍വീജിയന്‍ താരത്തെ ടീമിലെത്തിക്കുകയാണ് ബാഴ്‌സയുടെ ലക്ഷ്യം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രമാണ് എര്‍ലിംഗ് ഹാലന്‍ഡ്. പ്രീമിയര്‍ ലീഗിലെ101 കളിയില്‍ 22കാരനായ ഹാലന്‍ഡ് സിറ്റിക്കായി അടിച്ചുകൂട്ടിയത് 90 ഗോളുകള്‍. ഹാലന്‍ഡിന്റെ ഈ ഗോളടി മികവ് കാംപ് നൗവിലേക്ക് എത്തിക്കാനാണ് ബാഴ്‌സോലണയുടെ നീക്കം.

ഈ സീസണ്‍ അവസാനത്തോടെ കരാര്‍ അവസാനിക്കുന്ന റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് പകരമാണ് ബാഴ്‌സലോണ ഹാലന്‍ഡിനെ നോട്ടമിട്ടിരിക്കുന്നത്. ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ കളിക്കുമ്പോള്‍ തന്നെ ബാഴ്‌സലോണ ഹാലന്‍ഡിനെ നോട്ടമിട്ടിരുന്നു. എന്നാല്‍ ബാഴ്‌സയെ മറികടന്ന് പെപ് ഗ്വാര്‍ഡിയോള ഹാലന്‍ഡിനെ സിറ്റിയില്‍ എത്തിക്കുക ആയിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവസ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ഹാലന്‍ഡ് ലെവന്‍ഡോവ്‌സ്‌കിക്ക് ഏറ്റവും അനുയജ്യനായ പകരക്കാരന്‍ ആകുമെന്നാണ് ബാഴ്‌സ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയുടെ വിലയിരുത്തല്‍.

പക്ഷേ, സിറ്റിയില്‍ നിന്ന് ഹാലന്‍ഡിനെ സ്വന്തമാക്കുക അത്ര എളുപ്പമായിരിക്കില്ല. പ്രത്യേകിച്ചും ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍. ഹാലന്‍ഡിനെ വിട്ടുനല്‍കാന്‍ സിറ്റി എത്രതുക ചോദിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനിയുള്ള കാര്യങ്ങള്‍. നേരത്തെ, റയല്‍ മാഡ്രിഡും ഹാലന്‍ഡിനെ സ്വന്തമാക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഹാലന്‍ഡിന റയലിലേക്ക് മാറാന്‍ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2027വരെ സിറ്റിയുമായി ഹാലന്‍ഡിന് കരാറുണ്ട്. 2027 വരെയാണ് കരാറെങ്കിലും ഈവര്‍ഷം ജൂണില്‍ ഹാലന്‍ഡിന് മറ്റ് ക്ലബുകളുടെ ഓഫറുകള്‍ സ്വീകരിക്കാമെന്ന ഉപാധിയോടെയാണ് ഏജന്റ് റഫേല പിമെന്റ രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഈ ഉപാധിയിലൂടെ ഹാലന്‍ഡിനെ സ്വന്തമാക്കുകയായിരുന്നു റയലിന്റെ ലക്ഷ്യം. എന്നാല്‍ വമ്പന്‍ താരങ്ങളുടെ ശമ്പള ബില്‍ എങ്ങനെ നിയന്ത്രിക്കുമെന്നത് പ്രശ്‌നമായി. സ്പാനിഷ് ലീഗില്‍ ഓരോ ടീമും ശമ്പള ഇനത്തില്‍ ചെലവഴിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്.

YouTube video player