സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബ‍ര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയതോടെയാണ് റോണോയുടെ ഏജന്‍റിന്‍റെ കണ്ണുകള്‍ ജര്‍മന്‍ ക്ലബില്‍ വീണ്ടും ഉടക്കിയത്

മ്യൂണിക്ക്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ(Cristiano Ronaldo) ബയേണ്‍ മ്യൂണിക്കിലേക്ക്(Bayern Munich) എത്തുമോയെന്ന ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബ‍ര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയതോടെയാണ് റോണോയുടെ ഏജന്‍റിന്‍റെ കണ്ണുകള്‍ ജര്‍മന്‍ ക്ലബില്‍ വീണ്ടും ഉടക്കിയത്. എന്നാല്‍ സിആര്‍7നെ പാളയത്തിലെത്തിക്കാന്‍ താല്‍പര്യമില്ല എന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക്.

രണ്ടാമതും റോണോയെ തള്ളി ബയേണ്‍ 

'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട്, അദേഹത്തിന്‍റെ കരിയറിനോട്, നേട്ടങ്ങളോട് ബഹുമാനമുണ്ട്. എന്നാല്‍ ക്രിസ്റ്റ്യാനോയെ സ്വന്തമാക്കുക ഞങ്ങളുടെ അജണ്ടയല്ലെന്ന് ആവ‍ര്‍ത്തിക്കുന്നു'- ബയേൺ മ്യൂണിക്ക് സ്പോർടിംഗ് ഡയറക്ടർ ഹാസൻ സാലിഹമിദിച്ച്(Hasan Salihamidzic) വ്യക്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ജര്‍മന്‍ ക്ലബിലെത്തിക്കാന്‍ ഏജന്‍റ് ജോര്‍ജ് മെന്‍ഡസ് നേരത്തെ ചരടുവലികള്‍ നടത്തിയെങ്കിലും ബയേണ്‍ താല്‍പര്യം കാണിച്ചിരുന്നില്ല. കഴിഞ്ഞ സീസണുകളിലെ ഗോളടിവീരനായ ലെവന്‍ഡോവ്‌സ്‌കി ക്ലബ് വിട്ടതോടെയാണ് മെന്‍ഡസ് വീണ്ടും ബയേണ്‍ ചര്‍ച്ച തുടങ്ങിയത്. ഈ സീസണില്‍ സാദിയോ മാനേ അടക്കം മൂന്ന് താരങ്ങളെ ബയേണ്‍ ടീമിലെത്തിച്ചിരുന്നു. മത്യാസ് ഡി ലിറ്റ് അടക്കമുള്ളമുള്ളവരെ ടീം നോട്ടമിടുന്നുമുണ്ട്. 

മുപ്പത്തിയേഴുകാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അടുത്ത വര്‍ഷം ജൂണ്‍ വരെ യുണൈറ്റഡുമായി കരാറുണ്ട്. എന്നാല്‍ ക്ലബ് മാറാന്‍ താരം താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞ സീസണ്‍ സമ്മാനിച്ചത് കനത്ത നിരാശയായിരുന്നു. യുണൈറ്റഡിന് ഒരു കിരീടം പോലും സമ്മാനിക്കാനായില്ലെന്ന് മാത്രമല്ല, ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും ടീമിന് നഷ്ടമായി. യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്തതും പുതിയ സീസണിലേക്ക് മികച്ച താരങ്ങളെ സ്വന്തമാക്കാത്തതുമാണ് റൊണാൾഡോയെ ടീം വിടാൻ പ്രേരിപ്പിക്കുന്നത്. 

സിആര്‍7 ഇനിയെങ്ങോട്ട്...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കായി ചെല്‍സി, പിഎസ്‌ജി ഉടമകള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുളള ശ്രമം ഉപേക്ഷിച്ചതായി ചെൽസി പരിശീലകന്‍ സൂചിപ്പിച്ചിരുന്നു. സിറ്റി താരമായിരുന്ന റഹീം സ്റ്റെര്‍ലിംഗിനെ സ്വന്തമാക്കിയതോടെ പ്രതിരോധത്തിൽ ശ്രദ്ധിക്കാനാണ് തീരുമാനമെന്നായിരുന്നു തോമസ് ടുഷേലിന്‍റെ പ്രതികരണം. റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള തീരുമാനം പിഎസ്‌ജിയും ഉപേക്ഷിച്ചു. രണ്ട് വർഷം ശമ്പളമായി 275 ദശലക്ഷം യൂറോ നൽകാമെന്ന സൗദി ക്ലബിന്‍റെ ഓഫര്‍ റോണോ നേരത്തെ തള്ളിയിരുന്നു. റൊണാൾഡോയെ വിട്ടുനല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സൗദി ക്ലബ് മുപ്പത് ദശലക്ഷം യൂറോയാണ് വാഗ്ദാനം ചെയ്തത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

എന്നാല്‍ ക്രിസ്റ്റ്യാനോ ഇപ്പോഴും ടീമിന്‍റെ പദ്ധതികളിലുണ്ടെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് പറയുന്നത്. 'റൊണാള്‍ഡോയെ വില്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. റൊണാള്‍ഡോയെ വില്‍ക്കുന്ന കാര്യം തന്നെ ചിന്തയില്‍ ഇല്ല. എന്റെ ടീമില്‍ വലിയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുള്ളതാണ്' എന്നുമായിരുന്നു എറിക് ടെന്‍ ഹാഗിന്‍റെ വാക്കുകള്‍. യുണൈറ്റഡിന്‍റെ പരിശീലന ക്യാംപില്‍ നിന്ന് വിട്ടുനിന്ന റൊണാള്‍ഡോ പ്രീസീസണ്‍ മത്സരങ്ങളിലും കളിക്കുന്നില്ല. അടുത്ത മാസം ഏഴാം തീയതിയാണ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന്റെ ആദ്യ മത്സരം.

രണ്ട് വർഷം, 275 ദശലക്ഷം യൂറോ! സൗദി ക്ലബിന്‍റെ ഹിമാലയന്‍ ഓഫ‍ര്‍ റൊണാള്‍ഡോ തള്ളി- റിപ്പോര്‍ട്ട്