ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് ഫിഫ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന നല്‍കി. ക്ലബ്ബ് കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കമെന്നും, ഇതായിരിക്കാം തന്റെ അവസാന ലോകകപ്പെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി ബെല്‍ജിയത്തിന്റെയും റയല്‍ മാഡ്രിഡിന്റെയും ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ്. യുഎസിലെ സീറ്റിലില്‍ വെച്ച് ഈജിപ്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് താരം തന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയെക്കുറിച്ച് മനസ്സ് തുറന്നത്. കെവിന്‍ ഡി ബ്രൂയ്നെ അടക്കമുള്ള ബെല്‍ജിയത്തിന്റെ പ്രശസ്തമായ സുവര്‍ണ തലമുറയിലെ പല മുതിര്‍ന്ന താരങ്ങളും തങ്ങളുടെ അന്താരാഷ്ട്ര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് കോര്‍ട്ടോയിസിന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഭാവികാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കണോ എന്ന് എനിക്കറിയില്ല. എങ്കിലും ഈ ടൂര്‍ണമെന്റിന് ശേഷം ഞാന്‍ ദേശീയ ടീമില്‍ തുടരാതിരിക്കാനുള്ള സാധ്യതകളാണ് കൂടുതല്‍. ക്ലബ്ബ് തലത്തില്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി എനിക്ക് കളിക്കണമെന്നുണ്ട്. അതിനായി ശരീരത്തെ കൂടുതല്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇതെന്റെ അവസാനത്തെ ലോകകപ്പ് ആയേക്കാം എന്നതിനാലാണ് എന്റെ കുടുംബവും ഇപ്പോള്‍ എന്നോടൊപ്പം ഇവിടേക്ക് വന്നിരിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.

ലോകകപ്പിലെ ബെല്‍ജിയത്തിന്റെ പ്രകടനവും ടൂര്‍ണമെന്റിന് ശേഷം നടക്കുന്ന ചര്‍ച്ചകളും അടിസ്ഥാനമാക്കി ടീമില്‍ തുടരാനുള്ള ചെറിയൊരു സാധ്യതയും താരം തള്ളിക്കളയുന്നില്ല. ''ഞങ്ങള്‍ ഒരു മികച്ച ലോകകപ്പ് ക്യാമ്പെയ്ന്‍ കാഴ്ചവെക്കുകയും ടീമിനുള്ളില്‍ നല്ലൊരു അന്തരീക്ഷം നിലനില്‍ക്കുകയും ചെയ്താല്‍ ചിലപ്പോള്‍ തുടര്‍ന്നേക്കാം. ടൂര്‍ണമെന്റിന് ശേഷം കോച്ചുമായും ടെക്‌നിക്കല്‍ ഡയറക്ടര്‍ വിന്‍സെന്റ് മന്നാര്‍ട്ടുമായും മെഡിക്കല്‍ സംഘവുമായും സംസാരിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുവര്‍ണ്ണ തലമുറയുടെ അന്ത്യമോ?

അനുഭവസമ്പന്നരായ താരങ്ങള്‍ക്കൊപ്പം യുവപ്രതിഭകളെക്കൂടി ഉള്‍പ്പെടുത്തി ബെല്‍ജിയം ടീം പുനര്‍നിര്‍മ്മാണത്തിന്റെ പാതയിലായിരിക്കുമ്പോഴാണ് കോര്‍ട്ടോയിസിന്റെ ഈ വാക്കുകള്‍. 2011-ല്‍ അരങ്ങേറ്റം കുറിച്ച ശേഷം ഒരു പതിറ്റാണ്ടിലേറെയായി ബെല്‍ജിയത്തിന്റെ കാവല്‍ക്കാരനായ കോര്‍ട്ടോയിസ്, രാജ്യത്തിനായി നൂറിലധികം മത്സരങ്ങള്‍ കളിക്കുകയും പ്രധാന ടൂര്‍ണമെന്റുകളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തിട്ടുണ്ട്.

ഈജിപ്ത്, ഇറാന്‍, ന്യൂസിലന്‍ഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ബെല്‍ജിയം മത്സരിക്കുന്നത്. കോര്‍ട്ടോയിസിന്റെ വിരമിക്കല്‍ സാധ്യത ബെല്‍ജിയം ഫുട്‌ബോളിലെ ഒരു സുവര്‍ണ യുഗത്തിന്റെ അവസാനമാകുമെന്നതിനൊപ്പം പുതിയൊരു തലമുറയിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടുകയും ചെയ്യും.

YouTube video player