പ്രമുഖ താരങ്ങളുടെ പ്രതിനിധിയായാണ് ഞാൻ നോമിനേഷൻ സമർപ്പിച്ചതെന്ന് ബൂട്ടിയ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിനെ സേവിക്കാൻ കളിക്കാർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ദില്ലി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ ഫിഫയുടെ നടപടിയില്‍ വേദനിക്കുന്ന ഇന്ത്യയിലെ കാല്‍പ്പന്ത് പ്രേമികള്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം. എഐഎഫ്എഫ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിക്കുന്നതിനായി ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ ബൈച്ചുങ്ങ് ബൂട്ടിയ പത്രിക സമര്‍പ്പിച്ചു. ബൂട്ടിയയുടെ സഹതാരമായിരുന്ന ദീപക് മൊണ്ഡലാണ് അദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിച്ചത്. മധു കുമാരി പിന്തുണച്ചു.

താരങ്ങളുടെ പ്രതിനിധിയായാണ് ഞാൻ നോമിനേഷൻ സമർപ്പിച്ചതെന്ന് ബൂട്ടിയ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിനെ സേവിക്കാൻ കളിക്കാർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കാർ എന്ന നിലയിൽ മാത്രമല്ല അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും മികച്ചതെന്ന് തെളിയിക്കാനാണ് ശ്രമമെന്നും ബൂട്ടിയ പറഞ്ഞു. ദില്ലി ഫുട്ബോൾ പ്രസിഡന്റ് ഷാജി പ്രഭാകരനും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

നേരത്തെ, അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ ഫിഫയുടെ നടപടി കടുത്തുപോയെന്നും എന്നാല്‍ രാജ്യത്തിന്‍റെ ഫുട്ബോള്‍ സംവിധാനത്തെ നവീകരിക്കാന്‍ ഇത് ഉചിതവുമെന്ന് ബൂട്ടിയ പറഞ്ഞിരുന്നു. എഐഎഫ്എഫിന്‍റെ 85 വർഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഫിഫയുടെ വിലക്ക് നേരിടുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടർന്നതും ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ഐഎസ്എല്‍ പ്രീ സീസണ്‍; യുഎഇയിലെ ഫുട്ബോള്‍ ആരാധകർക്ക് നിരാശ വാർത്തയുമായി കേരളാ ബ്ലാസ്റ്റേഴ്സ്

ഫിഫ ഇന്ത്യന്‍ ഫുട്ബോളിനെ വിലക്കിയത് ദൗർഭാഗ്യകരമാണ്, ഫിഫയുടെ നടപടി വളരെ കടന്നുപോയി. അതേസമയം നമ്മുടെ സംവിധാനം കുറ്റമറ്റതാകാനുള്ള സുവർണാവസരവുമാണിത്. ഫെഡറേഷനും സംസ്ഥാന അസോസിയേഷനുകളും ഭാരവാഹികളും ഒന്നിച്ച് നമ്മുടെ സംവിധാനം ചിട്ടപ്പെടുത്താനും ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവി ശോഭനമാക്കാനും പ്രയോജനകരമാണ് ഫിഫയുടെ നടപടിയെന്നും ഇതിഹാസ താരം കൂടിയായ ബൈച്ചുങ്ങ് ബൂട്ടിയ വാർത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫ എഐഎഫ്എഫിനെ വിലക്കിയത്. 2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്.