Asianet News MalayalamAsianet News Malayalam

നെയ്മറും ഡാനിലോയും തിരിച്ചെത്തുമെന്ന് ടിറ്റെ; പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഇന്ന് ദക്ഷിണ കൊറിയക്കെതിരെ

രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. കാമറൂണിനോടേറ്റ മുറിവുണക്കണം. കൊറിയയെ കീറി മുറിക്കണം. ഗോളടിച്ചുകൂട്ടി അവസാന എട്ടിലെത്തണം.

Brazil vs South Korea world cup pre quarter match preview and probable eleven
Author
First Published Dec 5, 2022, 12:06 PM IST

ദോഹ: ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങും. തെക്കന്‍ കൊറിയയാണ് എതിരാളികള്‍. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. കാമറൂണിനോടേറ്റ മുറിവുണക്കണം. കൊറിയയെ കീറി മുറിക്കണം. ഗോളടിച്ചുകൂട്ടി അവസാന എട്ടിലെത്തണം. പ്രീ ക്വാര്‍ട്ടര്‍ പോരിനിറങ്ങുന്‌പോള്‍ ബ്രസീല്‍ നിരയില്‍ പരീക്ഷണം ഒന്നുമുണ്ടാവില്ല. നെയ്മര്‍ ജൂനിയറും ഡാനിലോയും പരിക്കുമാറിയെത്തുന്നത് കരുത്തുകൂട്ടും. 

അവസാന മത്സരത്തില്‍ വിശ്രമം കിട്ടിയവരെല്ലാം തിരിച്ചെത്തും. ഗോള്‍പോസ്റ്റിന് മുന്നില്‍ അലിസണ്‍ ബെക്കര്‍. പ്രതിരോധത്തില്‍ എഡര്‍ മിലിറ്റാവോ അല്ലെങ്കില്‍ ഡാനി ആല്‍വസ്, തിയാഗോ സില്‍വ, മാര്‍ക്വീഞ്ഞോസ്, ഡാനിലോ. മധ്യനിരയില്‍ കാസിമിറോയും ലൂക്കാസ് പക്വേറ്റയും. ഗോളടിക്കാന്‍ നെയ്മറിനൊപ്പം റഫിഞ്ഞ, റിച്ചാര്‍ലിസണ്‍, വിനിഷ്യസ് ജൂനിയര്‍ എന്നിവരെയാവും കോച്ച് ടിറ്റെ നിയോഗിക്കുക. പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തുന്ന കൊറിയ ഉറുഗ്വേയുടെയും വഴിമുടക്കി. 

എന്നാല്‍ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളോട് തോറ്റിട്ടില്ലെന്നതാണ് ബ്രസീലിയന്‍ ചരിത്രം.1990ന് ശേഷം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിട്ടില്ലെന്ന ചരിത്രവും ബ്രസീലിന് ആത്മവിശ്വാസം നല്‍കും. നെയ്മര്‍ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയിരുന്നു. കോച്ച് ടിറ്റെയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ.. ''സത്യസന്ധമല്ലാത്ത ഒരു വിവരവും ഞാന്‍ പങ്കുവെക്കില്ല. ഇന്ന് ഉച്ചതിരിഞ്ഞ് നെയ്മര്‍ പ്രാക്ടീസിന് ഇറങ്ങുന്നുണ്ട്. പരിശീലനം നന്നായി പൂര്‍ത്തിയാക്കിയാല്‍ നെയ്മര്‍ ദക്ഷിണ കൊറിയക്കെതിരെ കളിക്കും.'' മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് ടിറ്റെ പറഞ്ഞു. 

ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരെ പരിക്കേറ്റ ഗബ്രിയേല്‍ ജിസ്യൂസിനും അലക്‌സ് ടെല്ലസിനും ഇനി ലോകകപ്പില്‍ കളിക്കാനാവില്ല എന്ന് ടിറ്റെ സ്ഥിരീകരിച്ചു. 'ആഴ്സണലിനും ഞങ്ങള്‍ക്കും മികച്ച മെഡിക്കല്‍ സംഘമുണ്ട്. ജിസ്യൂസും ടെല്ലസുമായി നെയ്മറും തിയാഗോ സില്‍വയും സംസാരിച്ചു. ഇരുവര്‍ക്കും കരുത്തുപകരുന്നു' എന്നുമാണ് ടിറ്റെയുടെ പ്രതികരണം. മറ്റ് രണ്ട് താരങ്ങളുടെ പരിക്കും ബ്രസീലിയന്‍ സ്‌ക്വാഡിനെ അലട്ടുന്നുണ്ടായിരുന്നു. ലെഫ്റ്റ് ബാക്ക് അലക്സ് സാന്ദ്രോയും റൈറ്റ് ബാക്ക് ഡാനിലോയ്ക്കുമായിരുന്നു പരിക്ക്. ഇവരില്‍ ഡാനിലോ ദക്ഷിണ കൊറിയക്കെതിരെ കളിക്കും എന്ന സൂചനയും ടിറ്റെ നല്‍കി.

ഗോളടി നിര്‍ത്താതെ ഒളിവര്‍ ജിറൂദ്; തിയറി ഒന്റിയേയും മറികടന്നു, ഫ്രഞ്ച് കുപ്പായത്തില്‍ റെക്കോര്‍ഡ്

Follow Us:
Download App:
  • android
  • ios