2002ല്‍ ബ്രസീല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ റൊണാള്‍ഡോ ആയിരുന്നു ബ്രസീലിന്റെ പ്രധാന വിജയശില്‍പി. മറ്റൊരു ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ ലോകത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് എട്ട് താരങ്ങളുടെ പേരാണ് റൊണാള്‍ഡോ പറഞ്ഞത്.

ബ്രസീലിയ: ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച എട്ട് താരങ്ങളെ തെരഞ്ഞെടുത്ത് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സിനദിന്‍ സിദാനും റൊണാള്‍ഡോയുടെ പട്ടികയില്‍ ഇടംപിടിക്കാനായില്ല. ഗോള്‍ സ്‌കോറിംഗിലെ അസാധാരണ മികവുകൊണ്ട് ഫുട്‌ബോള്‍ ചരിത്രത്തില്‍ സ്വന്തം പേരെഴുതിച്ചേര്‍ത്ത താരമാണ് റൊണാള്‍ഡോ നസാരിയോ. 

2002ല്‍ ബ്രസീല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ റൊണാള്‍ഡോ ആയിരുന്നു ബ്രസീലിന്റെ പ്രധാന വിജയശില്‍പി. മറ്റൊരു ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ ലോകത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് എട്ട് താരങ്ങളുടെ പേരാണ് റൊണാള്‍ഡോ പറഞ്ഞത്. ഡിഗോ മറഡോണ, ലിയോണല്‍ മെസി, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ ബോവര്‍, പെലെ, മാര്‍ക്കോ വാന്‍ ബാസ്റ്റന്‍, റൊണാള്‍ഡീഞ്ഞോ എന്നിവരാണ് റൊണാള്‍ഡോയുടെ പട്ടികയിലെ ഏഴ് താരങ്ങള്‍. 

ഖത്തര്‍ ലോകകപ്പ് അര്‍ജന്റീനയ്ക്കുള്ളത്; മെസിയെ തിരുത്തി ലെവന്‍ഡോസ്‌കി! കാരണം വിശദീകരിച്ച് പോളണ്ട് താരം

എട്ടാമന്‍ താന്‍ തന്നെയാണെന്നും വ്യത്യസ്ത കാലഘട്ടത്തില്‍ കളിച്ച താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചൊരു താരത്തെ കണ്ടെത്താന്‍ കഴിയില്ലെന്നും റൊണാള്‍ഡോ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സിനദിന്‍ സിദാന്‍, മിഷേല്‍ പ്ലാറ്റിനി, ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ, ഫെറന്‍ക് പുഷ്‌കാസ് എന്നിവര്‍ക്കൊന്നും റൊണാള്‍ഡോയുടെ ബെസ്റ്റ് പട്ടികയില്‍ ഇടംപിടിക്കാനായില്ല. 

ഖത്തര്‍ ലോകകപ്പില്‍ കിരീടസാധ്യത കൂടുതല്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കുമാണെന്നും നെയ്മര്‍ സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ബ്രസീലിന്റെ മുന്നേറ്റമെന്നും റൊണാള്‍ഡോ പറഞ്ഞു.

ടിറ്റെയ്ക്ക് പകരക്കാരന്‍ ആഞ്ചലോട്ടി

ബ്രസീല്‍ കോച്ച് ടിറ്റെയ്ക്ക് പകരക്കാരനെ നിര്‍ദേശിച്ച് ഇതിഹാസതാരം റൊണാള്‍ഡോ നസാരിയോ. നിലവിലെ റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെ ടീമിന്റെ പരിശീലകനാക്കണമെന്നാണ് റൊണാള്‍ഡോ പറയുന്നത്. താരങ്ങളെ മനസിലാക്കുന്നതിലും മികവിലേക്കുയര്‍ത്തുന്നതിലും ആഞ്ചലോട്ടിയുടെ കഴിവ് അപാരമാണ്. ബ്രസീല്‍ ഫുട്‌ബോളിന്റെ ചരിത്രംമാറ്റിയെഴുതാന്‍ സാധിക്കുന്ന പരിശീലകനാണ് ആഞ്ചലോട്ടിയെന്നും റൊണാള്‍ഡോ പറഞ്ഞു. ലോകകപ്പിന് ശേഷം ടിറ്റെടുയുടെ കരാര്‍ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് റൊണാള്‍ഡോയുടെ പ്രതികരണം.